തിരുവനന്തപുരം: പലിശ നിരക്കിൽ ഇളവുവരുത്തി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് വായ്പ നൽകണമെന്ന് ആവശ്യപ്പെട്ട് നബാർഡുമായി ചർച്ച നടത്തുമെന്ന് പ്രസിഡന്‍റ് സി.കെ. ഷാജിമോഹൻ അറിയിച്ചു.
കേരള ബാങ്കിനുൾപ്പെടെ കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുമ്പോൾ കാർഷിക ഗ്രാമവികസന ബാങ്കിന് വായ്പ നല്കുന്നത് ഉയർന്ന പലിശ നിരക്കിലാണ്.
കുറഞ്ഞ പലിശ നിരക്കിൽ നബാർഡ് വായ്പ നൽകാൻ തയാറായാൽ സംസ്ഥാനത്തെ കർഷകർക്ക് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ പലിശയ്ക്ക് കാർഡ് ബാങ്കിൽനിന്ന് വായ്പ നല്കാൻ കഴിയും.
ബാങ്ക് കാർഷിക ആവശ്യങ്ങൾക്കായി ഈ വർഷം 1,759 കോടി രൂപ വായ്പ നൽകും.
കാർഷികേതര വായ്പയായി 2,297 കോടിയും നൽകും. ഇതിനു പുറമേ 250 കോടി രൂപ നബാർഡിൽനിന്ന് കുറഞ്ഞപലിശയ്ക്ക് വായ്പയെടുത്ത് കർഷകർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കും.
താലൂക്ക് തലത്തിൽ 77 ബാങ്കുകളിലൂടെയാണ് ഈ വായ്പകൾ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1 ,311 കോടി കാർഷിക വായ്പ നല്കി. കാർഷികേതര വായ്പകൾക്ക് 1,496 കോടിയും നൽകി.
പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾക്കു കൂടിശിക നിവാരണ പദ്ധതിക്ക് നിലവിൽ നൽകുന്ന തുകയ്ക്കു പുറമേ 77 ലക്ഷം അധികം തുക സ്പെഷൽ ഇൻസെന്‍റീവായി നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 4,500 രൂപ വരെ സബ്സിഡി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രാഥമിക ബാങ്കുകൾക്ക് 11.5 ശതമാനം ലാഭവിഹിതം നൽകും. അഞ്ചു ശതമാനം താഴെ കുടിശികയുള്ള ബാങ്കുകൾക്ക് 30,000 രൂപ വരെയും 10 ശതമാനത്തിൽ താഴെ കുടിശികയുള്ള ബാങ്കുകൾക്ക് 20,000 രൂപ വരെയും 25 ശതമാനത്തിൽ താഴെ കുടിശികയുള്ള ബാങ്കുകൾക്ക് 12,000 രൂപവരെയും സ്പെഷ്യൽ ഇൻസെന്‍റീവ് നൽകും.