
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയർന്നതോടെ വിപണിയിലേക്ക് കാങ്കയം വെളിച്ചെണ്ണയുടെ ഒഴുക്ക്.
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം എണ്ണമില്ലുകള്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട്ടിലെ തിരുപ്പൂരിന് സമീപത്തുള്ള കാങ്കയത്തുനിന്നാണ് ഇതെത്തുന്നത്.
ഭക്ഷ്യസുരക്ഷാ നിയമവും സാമ്പിള്‍ പരിശോധനയുമൊക്കെ ഉണ്ടെങ്കിലും മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ടെന്ന് വ്യാപകമായി പരാതിയുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സ്വന്തമായി മില്ലും സംവിധാനങ്ങളും ഉണ്ടെങ്കിലും തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കാങ്കയം വെളിച്ചെണ്ണയാണ് അവരുടെയും ആശ്രയം.
അതേസമയം പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 55 രൂപയാണ് വില. കടകളിലെ ചില്ലറവില്‍പ്പനവില പിന്നെയും കൂടും. 5,500 രൂപ വിലവരുന്ന 100 കിലോ പച്ചത്തേങ്ങയില്‍നിന്ന് കിട്ടുക 30 കിലോ കൊപ്രയാണ്. കിലോയ്ക്ക് 155 രൂപവെച്ച് 30 കിലോ കൊപ്രയ്ക്ക് 4,650 രൂപ വിലവരും.
30കിലോ കൊപ്രയില്‍നിന്ന് ശരാശരി 19 കിലോ എണ്ണ കിട്ടും. കിലോയ്ക്ക് 280 രൂപയാണ് മില്ലുകളില്‍ വെളിച്ചെണ്ണവില. ഇതുപ്രകാരം 19കിലോ വെളിച്ചെണ്ണയുടെ വില 5,320 രൂപ. അതായത് 5,500 രൂപയുടെ തേങ്ങ കൊപ്രയാക്കി ആട്ടിയാല്‍ കിട്ടുന്നത് 5,320 രൂപയുടെ എണ്ണമാത്രം.
ഒരുകിലോ ചിരട്ടയ്ക്ക് 15 രൂപയും പിണ്ണാക്കിന് 30രൂപയും തേങ്ങയുടെ ഒരു തൊണ്ടിന് 60 പൈസയും ഇതിനുപുറമേ കിട്ടുന്നതാണ് ഉത്പാദകരുടെ ലാഭം.
വെളിച്ചെണ്ണയുടെ ഉത്പാദനച്ചെലവുമായി പൊരുത്തപ്പെടാത്ത വിലയാണ് കേരളത്തിലെ വിപണിയില്‍. മൊത്തവില 240 രൂപയെന്നാണ് വിപണിയിലെ കണക്ക്.
220 രൂപമുതല്‍ പായ്ക്കറ്റ് വെളിച്ചെണ്ണ കടകളില്‍ കിട്ടും. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് കുറഞ്ഞത് 300 രൂപയെങ്കിലും വിലവരുമെന്നാണ് ചെറുകിട ഉത്പാദകര്‍ പറയുന്നത്.