
തൊടുപുഴ: മികച്ച വില കിട്ടിയിട്ടും ഏലം കർഷകർക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം. കഴിഞ്ഞ വർഷം ശക്തമായ വേനലാണ് പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇത്തവണ വിനയായത് പെരുംമഴയാണ്.
കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ഒരു മാസത്തിനിടെ 500 ഹെക്ടറിലേറെ ഏലം കൃഷിയാണ് കാറ്റിലും മഴയിലും മാത്രം നശിച്ചത്. കാറ്റില്‍ ഏലച്ചെടികള്‍ ഒടിഞ്ഞു വീണതു കൂടാതെ മരങ്ങള്‍ വീണും ഏക്കർ കണക്കിന് സ്ഥലത്തെ ഏലം നശിച്ചു.
മൂവായിരത്തോളം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. മൂന്ന് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഏലം കർഷകർ പറയുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതല്‍ മേയ് വരെയുണ്ടായ വേനല്‍ച്ചൂടില്‍ 17,944 കർഷകരുടെ 4368.8613 ഹെക്ടറിലെ ഏലം കൃഷി നശിച്ചതില്‍ ആകെ 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്.
സർക്കാരിന്റെ എയിംസ് പോർട്ടലില്‍ ലഭിച്ച നഷ്ടപരിഹാര അപേക്ഷകള്‍ പ്രകാരമുള്ള കണക്കാണിത്. ഈ നഷ്ടപരിഹാരം പൂർണമായി കർഷകർക്ക് ലഭിച്ചിട്ടില്ല.