
ന്യൂഡൽഹി: രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 1.86 ലക്ഷം കോടി രൂപയുടെ ‘പിഎം ധാര’ (PM-DHARA) പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ നിരന്തരമുള്ള പവര്‍കട്ടുകള്‍ക്കും, വര്‍ധിച്ചു വരുന്ന വൈദ്യുതി ബില്ലിനും ഭാവിയില്‍ പരിഹാരമാകാന്‍ ഈ മെഗാ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിക്ക് കഴിയും. കേരളത്തിനും, കെഎസ്ഇബിക്കും (KSEB) ഈ പദ്ധതി ഒരുപോലെ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പിഎം സൂര്യഘർ സോളാറിന് ശേഷം കേന്ദ്രം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഹരിത ഊര്‍ജ്ജ പദ്ധതിയാണിത്.
പിഎം ധാരാ സ്കീം (PM-DHARA Scheme)’പ്രധാനമന്ത്രി ഡെവലപ്പിംഗ് ഹാര്‍മൊണൈസ്ഡ് ആന്‍ഡ് ആക്സിലറേറ്റഡ് റിന്യൂവബിള്‍ എനര്‍ജി ആക്സസ്’ (PM-Developing Harmonized and Accelerated Renewable-energy Access) എന്നതാണ് ഇതിന്റെ പൂര്‍ണ്ണരൂപം. രാജ്യത്തെ പുനഃരുപയോഗ ഊര്‍ജ്ജ (Renewable energy) വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കുള്ളിലെ ട്രാന്സ്മിഷന് നെറ്റ്വര്ക്കുകള് (InSTS) വികസിപ്പിക്കാനും, വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (BESS) സ്ഥാപിക്കാനുമുള്ള ബൃഹത്തായ പദ്ധതിയാണിത്.
പദ്ധതിയുടെ ലക്ഷ്യം
135 ഗിഗാവാട്ട് പുനഃരുപയോഗ ഊര്‍ജ്ജം കാര്യക്ഷമമായി വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2030 ഓടെ രാജ്യത്ത് 500 ഗിഗാവാട്ട് പുനഃരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കുക എന്ന ഇടക്കാല ലക്ഷ്യവും, 2035 ഓടെ ഫോസില്‍ ഇതര ഊര്‍ജ്ജ ശേഷി (കല്‍ക്കരി, പെട്രോളിയം തുടങ്ങിയവ ഒഴികെയുള്ളവ) 900 ഗിഗാവാട്ട് ആയി ഉയര്‍ത്തുകയെന്ന ദീര്‍ഘകാല ലക്ഷ്യവുമുണ്ട്.
രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുകയും, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസനം സാധ്യമാക്കുകയും ചെയ്യുന്നതിനാണ് പദ്ധതി.
പദ്ധതിയുടെ ബജറ്റ്
പദ്ധതിയുടെ ആകെ അടങ്കല്‍ തുക 1,86,405 കോടി രൂപയാണ്. ഇതില്‍ 1,36,378 കോടി രൂപ സംസ്ഥാനങ്ങള്‍ക്കുള്ളിലെ വൈദ്യുത പ്രസരണ ശൃംഖല (Intra-State Transmission System) വികസിപ്പിക്കുന്നതിനായി മാറ്റിവെക്കും.
50,000 കോടി രൂപ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. പദ്ധതിക്കായി 54,082 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
പ്രധാന ഹൈലൈറ്റുകള്‍
2032- 33 സാമ്പത്തിക വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യുത ഗ്രിഡുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി 50 GWh (ഗിഗാവാട്ട്-അവര്‍) ശേഷിയുള്ള ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.
സംസ്ഥാനങ്ങളുടെ ട്രാന്സ്മിഷന് യൂട്ടിലിറ്റികളാണ് (STUs) അതത് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കുക. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ പങ്കാളിത്തവും (TBCB വഴി BOOM മോഡലില്‍) ഉറപ്പാക്കുന്നു.






