
മുംബൈ: 2023 ന്റെ ആദ്യ ട്രേഡിംഗ് ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം കൊയ്തു. സെന്‍സെക്‌സ് 327.05 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 61,167.79 ലെവലിലും നിഫ്റ്റി50 92.20 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 18,197.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 2254 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1254 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
177 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ,ഒഎന്‍ജിസി,ടാറ്റ മോട്ടോഴ്‌സ്,ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് മികച്ച പ്രകടനം നടത്തിയത്. ടൈറ്റന്‍,ഏഷ്യന്‍പെയ്ന്റ്‌സ്, ഡിവിസ് ലാബ്‌സ്,ബജാജ് ഓട്ടോ,ഹീറോ മോട്ടോകോര്‍പ് എന്നിവ നഷ്ടം നേരിടുകയും ചെയ്തു.
മേഖലകളില്‍ ലോഹം 3 ശതമാനമുയര്‍ന്നപ്പോള്‍ റിയാലിറ്റിയുടെ പങ്ക് 1 ശതമാനമായിരുന്നു.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് നേട്ടമുണ്ടാക്കിയത്. ആഭ്യന്തര ബിസിനസ് സാഹചര്യങ്ങളിലെ ഉണര്‍വാണ് വിപണിയില്‍ ചലനമുണ്ടാക്കിയത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
മാനുഫാക്ച്വറിംഗ് പിഎംഐ 57.8 ആയി ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. ചൈന കയറ്റുമതി തീരുവ ഉയര്‍ത്തിയത് ഇന്ത്യന്‍ ലോഹമേഖലയ്ക്ക് ഗുണം ചെയ്തു. ലോഹ ഓഹരികള്‍ മികച്ച പ്രകടനമാണ് തിങ്കളാഴ്ച നടത്തിയത്.
ആഗോള മാന്ദ്യത്തിന്റെ ആഘാതം കുറയുകയാണെന്നും ഇനി വാങ്ങലിന്റെ കാലമാണെന്നും വിനോദ് നായര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.






