
മുംബൈ: ആഴ്ചാവസാനം നേട്ടം തുടരാന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായി. സെന്‍സെക്സ് 203.01 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 59,959.85 ലെവലിലും നിഫ്റ്റി 49.80 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 17,786.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഏകദേശം 1470 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1868 ഓഹരികള്‍ ഇടിഞ്ഞു.
114 ഓഹരി വിലകളില്‍ മാറ്റമില്ല. മാരുതി സുസുക്കി, റിലയന്‍സ്, അപ്പോളോ ഹോസ്പ്റ്റല്‍സ്, എന്‍ടിപിസി, ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ, പവര്‍ഗ്രിഡ്, ടൈറ്റന്‍,യുപിയെല്‍ കോടക് മഹീന്ദ്ര എന്നിവയാണ് മികച്ച നേട്ടവുമായി മുന്നിലെത്തിയ ഓഹരികള്‍.
അതേസമയം ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഗ്രാസിം, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, സിപ്ല, ബിപിസിഎല്‍ എന്നിവ 2.50 ശതമാനം വരെ നഷ്ടം സഹിച്ചു.
വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജ്ജം, സ്‌പേസ് മേഖലകളില്‍ വാങ്ങലും ലോഹങ്ങള്‍, ഐടി എന്നിവയില്‍ വില്‍പനയും ദൃശ്യമായി. ഹെവിവെയ്റ്റുകളുടെ മികച്ച പ്രകടനമാണ് വിപണിയെ നേട്ടത്തിലേയ്ക്ക് നയിച്ചതെന്ന് ജിയോജിത്ത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ വിലയിരുത്തുന്നു.
ആഗോള സൂചകങ്ങള്‍ നെഗറ്റീവായിരുന്നു. നിരാശജനകമായ ത്രൈമാസ ഫലത്തില്‍ വാള്‍സ്ട്രീറ്റ് നഷ്ടം നേരിടുകയും യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ മയപ്പെടുന്ന ട്രഷറി ആദായവും മാന്യമായ രണ്ടാം പാദ ഫലപ്രകടനവും ആഭ്യന്തര വിപണിയെ തുണയ്ക്കുകയായിരുന്നു.






