
മുംബൈ: ദസര ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി വിപണി നേട്ടത്തിലായി. ഓഹരികള്‍ കുതിച്ചുയര്‍ന്നപ്പോള്‍ സെന്‍സെക്‌സ് 1276.66 പോയിന്റ് അഥവാ 2.25 ശതമാനം ഉയര്‍ന്ന് 58,065.47 ലെവലിലും നിഫ്റ്റി 387 പോയിന്റ് അഥവാ 2.29 ശതമാനം ഉയര്‍ന്ന് 17,274.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച പ്രകടനം നടത്തിയത്.പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടം നേരിട്ടു. നവരാത്രി ഉത്സവത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ മിക്കവാറും എല്ലാ മേഖലകളും പച്ചയിലാണ്.
ഐടിയുടെ ഉണര്‍വാണ് നേട്ടത്തിന് വഴിമരുന്നിടുന്നത്. ബാങ്ക്, ഓട്ടോ, മെറ്റല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എനര്‍ജി, പിഎസ്‌യു ബാങ്ക് എന്നിവ 2-3 ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍, സിപ്ല, കെആര്‍ബിഎല്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ്, അനന്ത് രാജ് തുടങ്ങിയ 100ലധികം ഓഹരികള്‍ 52 ആഴ്ച ഉയര്‍ന്ന നിലയിലെത്തുന്നതിനും ചൊവ്വാഴ്ച സാക്ഷിയായി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.4 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.5 ശതമാനവുമാണ് മെച്ചപ്പെട്ടത്. ആഗോള സൂചികകളും മികച്ച രണ്ടാം പാദഫലങ്ങളുമാണ് വിപണിയെ ഉയര്‍ത്തിയതെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ എസ് രംഗനാഥന്‍ നിരീക്ഷിക്കുന്നു. ഡിമാന്റുയരുമെന്ന പ്രത്യാശയില്‍ ദലാല്‍ സ്ട്രീറ്റ് ആത്മവിശ്വാസം തെളിയിക്കുകയായിരുന്നു.
ദസര പ്രമാണിച്ച് നാളെ വിപണിയ്ക്ക് അവധിയാണ്.






