
ന്യൂഡൽഹി: ഏപ്രിൽ-ജൂൺ പാദത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം മുൻവർഷത്തെ 208.01 കോടി രൂപയിൽ നിന്ന് ഇരട്ടിയായി വർധിച്ച് 451.90 കോടി രൂപയായി. അതേസമയം 2022-23 ഏപ്രിൽ-ജൂൺ കാലയളവിലെ മൊത്തം വരുമാനം 2021-22 ലെ ഇതേ പാദത്തിലെ 3,790.72 കോടി രൂപയിൽ നിന്ന് 3,774.32 കോടി രൂപയായി കുറഞ്ഞതായി സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2022 ജൂൺ 30 ലെ കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി 3.74 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു, മുൻവർഷത്തെ കാലയളവിൽ ഇത് 6.35 ശതമാനമായിരുന്നു. മൂല്യം കണക്കിലെടുത്താൽ കഴിഞ്ഞ ഒന്നാം പാദത്തിൽ മൊത്ത എൻപിഎ 5,259.62 കോടി രൂപയായി കുറഞ്ഞു.
കൂടാതെ പ്രസ്തുത പാദത്തിൽ അറ്റ നിഷ്‌ക്രിയ ആസ്തി 2.22 ശതമാനത്തിൽ നിന്ന് (2,352.75 കോടി രൂപ) 0.88 ശതമാനമായി (1,206.43 കോടി രൂപ) കുറഞ്ഞു. ഈ പാദത്തിലെ കിട്ടാക്കടങ്ങൾക്കും ആകസ്‌മികതകൾക്കുമുള്ള പ്രൊവിഷനുകൾ 2022 സാമ്പത്തിക വർഷം ഇതേ പാദത്തിലെ 753.10 കോടിയിൽ നിന്ന് 548.41 കോടി രൂപയായി കുറഞ്ഞു. 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ മറ്റ് വരുമാനത്തിലും നികുതിക്ക് ശേഷമുള്ള അറ്റാദായത്തിലും 22.03 കോടി രൂപയുടെ കുറവുണ്ടായതായും, അക്കൗണ്ടിംഗ് നയത്തിലെ മാറ്റം സ്വാധീനം ചെലുത്തിയതായും പൂനെ ആസ്ഥാനമായുള്ള ബാങ്ക് പറഞ്ഞു.
2022 ജൂൺ 30 വരെയുള്ള പ്രൊവിഷൻ കവറേജ് റേഷ്യോ (PCR) 95.04 ശതമാനമാണെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര അറിയിച്ചു. ബാങ്കിന്റെ നിക്ഷേപം വർഷം തോറും 12.35% വർധിച്ച് 1.96 ലക്ഷം കോടി രൂപയായി. ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരികൾ 4.66 ശതമാനം ഉയർന്ന് 16.85 രൂപയിലെത്തി.