Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

എടിഎം ഇടപാടുകളുടെ ഫീസ് കൂടിയേക്കും

കൊച്ചി: സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. എടിഎം ഉപയോഗത്തിന്‍റെ ഇന്‍റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെ‍ന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു.

ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്ക് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ക്ക് (കാര്‍ഡ് ഇഷ്യൂവര്‍) നല്‍കുന്ന ഫീസാണ് ഇന്‍റര്‍ചെയ്ഞ്ച് ഫീസ്.

നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്‍റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ നടത്താം.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്‍ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്.

ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

X
Top