
തൃശൂർ: ഇറക്കുമതിയിലെ കള്ളക്കളി മൂലം അടയ്ക്കവില കുത്തനെ ഇടിയുന്നു. റോസ്റ്റഡ് അടയ്ക്ക മാത്രം ഇറക്കുമതി ചെയ്യാൻ ലൈസൻസുള്ള കേരളത്തിലെ ചില വ്യാപാരികൾ ആ ലൈസൻസിന്റെ മറവിൽ സാധാരണ അടയ്ക്ക ഇറക്കുമതി ചെയ്യുന്നുവെന്നാണ് ആരോപണം.
ഇന്തൊനീഷ്യയിൽ നിന്ന് ഇത്തരത്തിൽ അനധികൃതമായി എത്തുന്ന അടയ്ക്ക പ്രാദേശിക വിപണിയെ തകർക്കുന്നതായി ചെറുകിട വ്യാപാരികൾ പറയുന്നു.
കണ്ടെയ്നറുകളുടെ വാതിൽക്കൽ പേരിന് മാത്രം റോസ്റ്റ് ചെയ്ത അടയ്ക്കയുടെ ചാക്കുകൾ നിരത്തി ഉള്ളിൽ സാധാരണ അടയ്ക്ക ഒളിപ്പിച്ചാണ് ഇവർ അനധികൃത അടയ്ക്ക രാജ്യത്ത് എത്തിക്കുന്നത്. ഉദ്യോഗസ്ഥരെയും ക്ലിയറിങ് ഏജന്റുമാരെയും സ്വാധീനിച്ച് നടത്തുന്ന ഈ കള്ളക്കളി മൂലം വിപണിയിൽ ക്വിന്റലിന് 40,000-42,000 രൂപ എന്ന നിലയിലേക്ക് നിരക്കുകൾ താഴുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 48,000 രൂപ വരെ വിലയുണ്ടായിരുന്നു.
വിദേശത്തുനിന്നുള്ള അടയ്ക്കയുടെ വൻതോതിലുള്ള ഇറക്കുമതി ആഭ്യന്തര വിപണിയെയും കേരളത്തിലെ ലക്ഷക്കണക്കിന് കമുക് കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യുന്നതിന് ഏതാനും വൻകിട വ്യാപാരികൾക്കു മാത്രമാണു ലൈസൻസുള്ളത്.
ഈ ലൈസൻസ് ദുരുപയോഗം ചെയ്താണു വൻതോതിൽ ഗുണനിലവാരമില്ലാത്ത സാധാരണ അടയ്ക്ക ഇന്ത്യയിലേക്ക് കടത്തുന്നത്.
ഇറക്കുമതി ചെയ്ത അനധികൃത അടയ്ക്കയുടെ അതിപ്രസരമില്ലെങ്കിൽ ഇപ്പോൾ വിപണിയിൽ പ്രാദേശിക അടയ്ക്കയ്ക്ക് ക്വിന്റലിന് 70,000 രൂപ വരെ വില ലഭിക്കുമായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. വ്യാജ ഇറക്കുമതി തടയാൻ അതിർത്തികളിലും തുറമുഖങ്ങളിലും കർശനമായ പരിശോധന നടത്തണമെന്നു കർഷകരും ചെറുകിട വ്യാപാരികളും ആവശ്യപ്പെടുന്നു.





