പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

മണപ്പുറം ഫിനാൻസിനെ സ്വന്തമാക്കാൻ അമേരിക്കൻ കമ്പനി

തൃശൂർ: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ. ഇതു സംബന്ധിച്ച് ബെയ്നും മണപ്പുറം ഫിനാൻസുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബെയ്ൻ ഏറ്റെടുത്തേക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഇന്നലെ രണ്ടു ശതമാനത്തിലധികം നേട്ടവുമായി 209 രൂപവരെ ഉയർന്നു. 17,344 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

അതേസമയം, വാർത്ത സംബന്ധിച്ച് മണപ്പുറം ഫിനാൻസിനോട് എൻഎസ്ഇയും ബിഎസ്ഇയും വിശദീകരണം തേടിയിരുന്നു. ബിസിനസ് പ്രവർത്തനങ്ങളുടെ ഭാഗമായും ഓഹരി ഉടമകളുടെ താൽപര്യാർഥവും വളർച്ചയ്ക്കുള്ള വിവിധ അവസരങ്ങൾ കമ്പനി തേടുന്നുണ്ടെന്നും എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കുന്ന തരത്തിൽ ഏതെങ്കിലും തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്നും മണപ്പുറം ഫിനാൻസ് മറുപടിയിൽ വ്യക്തമാക്കി.

മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിനും കുടുംബത്തിനുമായി (പ്രൊമോട്ടർമാർ) 35.25% ഓഹരി പങ്കാളിത്തമാണ് മണപ്പുറം ഫിനാൻസിലുള്ളത്. ഇതിൽ 29.05 ശതമാനവും വി.പി. നന്ദകുമാറിന്റെ കൈവശമാണ്.

ഏറ്റെടുക്കൽ നീക്കപ്രകാരം, ബെയ്ൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിൽ മൂലധന നിക്ഷേപം നടത്തും. പുറമേ, പ്രൊമോട്ടർമാരുടെ കൈവശമുള്ള നിശ്ചിത ഓഹരികളും സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.

പ്രിഫറൻഷ്യൽ അലോട്മെന്റ് വഴിയായിരിക്കും ബെയ്ൻ പുതു മൂലധന നിക്ഷേപം നടത്തുക. ഇത് നിലവിലെ ഓഹരി വിലയേക്കാൾ ഓഹരിക്ക് 12.5-15% പ്രീമിയത്തിലായിരിക്കും. അതായത്, 15% വരെ അധികവിലയ്ക്ക്.

പ്രൊമോട്ടർമാരിൽ നിന്ന് ഓഹരി 22.5-25% വരെ പ്രീമിയത്തിനും ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ ഒരു ഓഹരിക്ക് ബെയ്ൻ നൽകുന്ന വില 237-240 രൂപയായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. നിലവിലെ വില 205 രൂപ നിലവാരത്തിലാണ്.

ഏകദേശം 9,000 മുതൽ 10,000 കോടി രൂപവരെ നിക്ഷേപിച്ചാകും മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണ ഓഹരികൾ ബെയ്ൻ സ്വന്തമാക്കിയേക്കുക. 25% ഓഹരികൾ പ്രിഫറൻഷ്യൽ ഓഹരി, പ്രൊമോട്ടർമാരുടെ ഓഹരി എന്നിവ വഴിയും 26% ഓഹരികൾ മറ്റ് ഓഹരി ഉടമകളിൽ നിന്ന് ഓപ്പൺ ഓഫർ വഴിയും നേടുമെന്നാണ് സൂചനകൾ.

തുടക്കത്തിൽ‌ ബെയ്നും മണപ്പുറം ഫിനാൻസ് പ്രൊമോട്ടർമാരും ചേർന്നാകും കമ്പനിയെ നിയന്ത്രിക്കുകയെങ്കിലും പിന്നീട് ബെയ്ൻ സിഇഒയെ നിയമിക്കും. വി.പി. നന്ദകുമാറും കുടുംബവും നോൺ-എക്സിക്യുട്ടീവ് ചുമതലകളിലേക്ക് മാറും.

മണപ്പുറം ഫിനാൻസിന് ഇക്കഴിഞ്ഞ ഡിസംബർപാദത്തിലെ കണക്കുപ്രകാരം 44,217 കോടി രൂപയുടെ സംയോജിത വായ്പാ ആസ്തിയുണ്ട്; 9.5 ശതമാനമാണ് വാർഷിക വളർച്ച.

സ്വർണപ്പണയ വായ്പാ ബിസിനസ് 18.8% ഉയർന്ന് 24,504 കോടി രൂപയുമാണ്. കമ്പനിയുടെ മൊത്തം വായ്പാ ആസ്തിയുടെ 55.4 ശതമാനവും സ്വർണപ്പണയ വായ്പകൾ.

X
Top