Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

₹27,146 കോടിക്ക് ഇവോസിന്റെ 100% ഓഹരികളും ഏറ്റെടുക്കാൻ അദാനി പോര്‍ട്സ്

മുംബൈ: യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ വന്‍ ഏറ്റെടുക്കലുമായി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ). നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ലിക്വിഡ് സ്റ്റോറേജ് കമ്പനിയായ ഇവോസ് ബി.വി (Evos B.V.) യുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാനാണ് തീരുമാനം. ഏകദേശം 27,146 കോടിയാണ് (2.87 ബില്യണ്‍ ഡോളര്‍) ഇടപാടിന്റെ മൂല്യം.

യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്വതന്ത്ര ലിക്വിഡ് സ്റ്റോറേജ് ഓപ്പറേറ്ററാണ് ഇവോസ്. ഇഗ്നിയോ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണേഴ്സില്‍ (Igneo Infrastructure Partners) നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പുകാരായ അദാനി പോര്‍ട്സ് കമ്പനിയെ ഏറ്റെടുക്കുന്നത്.

യൂറോപ്യന്‍ ഊര്‍ജ വിപണിയില്‍ പിടിമുറുക്കും
ഇവോസിന്റെ ഏറ്റെടുക്കലിലൂടെ ആഗോളതലത്തിലെ പ്രധാന ലിക്വിഡ് സ്റ്റോറേജ്, ഊര്‍ജ കേന്ദ്രങ്ങളില്‍ അദാനി പോര്‍ട്സിന് ശക്തമായ സാന്നിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ഏറ്റെടുക്കലിലൂടെ തുറമുഖ നടത്തിപ്പിനപ്പുറം യൂറോപ്പിലെ ലിക്വിഡ് സ്റ്റോറേജ്, ഊര്‍ജ അടിസ്ഥാനസൗകര്യ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് അദാനി പോര്‍ട്സ് ലക്ഷ്യമിടുന്നത്.

പൂര്‍ണമായും പണമിടപാട്
പൂര്‍ണമായും പണമായി നടത്തുന്ന ഏറ്റെടുക്കലാണിത്. ഏകദേശം 12,513 കോടിയാണ് (1.32 ബില്യണ്‍ ഡോളര്‍) ഇവോസിന്റെ ഓഹരി മൂല്യം കണക്കാക്കിയിരിക്കുന്നത്. 2025ലെ കമ്പനിയുടെ പ്രവര്‍ത്തനലാഭത്തിന്റെ 11.7 മടങ്ങാണ് ഏറ്റെടുക്കല്‍ മൂല്യം.

2025ല്‍ ഇവോസ് ഏകദേശം 4,157 കോടി വരുമാനവും 2,322 കോടി ലാഭവും നേടിയിരുന്നു. കടമെടുത്താണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കലിന് ആവശ്യമായ തുക കണ്ടെത്തുക. ഇടപാട് പൂര്‍ത്തിയാക്കുന്നതിന് വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതിയും മറ്റ് അംഗീകാരങ്ങളും ആവശ്യമാണ്.

ജീവനക്കാരുടെ പ്രതിനിധിസമിതിയുമായുള്ള കൂടിയാലോചനയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

X
Top