
ആലപ്പുഴ: പച്ചക്കറി ഉത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ വെജിറ്റബിൾ മിഷൻ പദ്ധതി ആരംഭിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ജില്ല ആസൂത്രണസമിതി ഹാളിൽ ചേർന്ന പ്രളയാധിഷ്ഠിത ജില്ലാതല കാർഷിക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടിന് പ്രത്യേക കാർഷിക കലണ്ടർ തയ്യാറാക്കുമെന്നും തരിശുഭൂമികൾ കണ്ടെത്തി കൃഷി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊക്കാളിക്കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നത് ഗൗരവമായി പരിശോധിക്കും. പൊക്കാളിനിലങ്ങൾ നെൽക്കൃഷിയിൽനിന്ന് മാറ്റി മത്സ്യക്കൃഷിക്ക് മാത്രമായി ഉപയോഗിക്കുന്ന പ്രവണതയും പരിശോധിച്ച് നടപടിയെടുക്കും.
കുട്ടനാട്ടിലെ കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജലസേചന, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകോപന യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയാണ് ലക്ഷ്യം.
എല്ലാ വർഷവും വെള്ളം കയറി കൃഷിനശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കുട്ടനാട്ടിൽ ശാശ്വത പരിഹാരമാർഗങ്ങൾ കണ്ടെത്തും. ഇതിനായി മുൻകരുതൽ നടപടികളും അടിസ്ഥാനസൗകര്യ വികസനവും ഉറപ്പാക്കും.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട്ടിലെ കൃഷിഭവനുകൾ നവീകരിക്കുകയും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റുകയും ചെയ്യും. കതിർ, കൃഷിസഖി പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
കാർഷിക ഉത്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ എ.ഡി. തോമസ് എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.






