
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർക്ക് 20 ശതമാനം തുക ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ റിസർവ് ബാങ്ക്.
ഡി.ഐ.സി.ജി.സിക്ക് ടൗൺ ബാങ്ക് 373. 54 കോടി രൂപ നൽകാനുണ്ടെന്നും ബാങ്കിന്റെ നിലവിലെ സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ആർ.ബി.ഐ അധികൃതർ വ്യക്തമാക്കിയതായി മുൻമന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അഡ്മിനിസ്ട്രേറ്റർ സി.ആർ. ഗോപീകൃഷ്ണൻ അറിയിച്ചു.
നിക്ഷേപകരുടെ റിലേ നിരാഹാര സമരത്തെ തുടർന്ന് നിക്ഷേപകരുടെ നിവേദനങ്ങൾ ആർ.ബി.ഐ അധികൃതർക്ക് കൈമാറാമെന്നും മറുപടി നൽകാമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചിരുന്നു.
കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും അഞ്ച് ഫയലുകളിൽ ഫോറൻസിക് ഓഡിറ്റ് നടപടി നടക്കുകയാണെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും കമ്മിറ്റി നിക്ഷേപകരെ അറിയിച്ചു.
നാല് ബ്രാഞ്ചുകൾ അടക്കാൻ ആർ.ബി.ഐ അനുമതി ലഭിച്ചതായും രണ്ട് ബ്രാഞ്ചുകൾ ഒഴികെയുള്ളവ ഘട്ടംഘട്ടമായി അടക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു. കൂടുതൽ ഫയലുകൾ ഫൊറൻസിക് ഓഡിറ്റിന് വിധേയമാക്കണമെന്നും കുറ്റക്കാർക്കെതിരായ നടപടി നീണ്ടു പോകരുതെന്നും ഡോ. ആർ. ബിന്ദുവും നിക്ഷേപകരും ആവശ്യപ്പെട്ടു.
കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുന്ന വിഷയത്തിൽ സഹകരിക്കാമെന്ന് നിക്ഷേപകർ ഉറപ്പുനൽകി.
കമ്മിറ്റി അംഗങ്ങളായ കെ. മോഹനൻ, ഇ.ജെ. കുര്യൻ, മാനേജിങ് ഡയറക്ടർ എ.എൽ. ജോൺ, നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സി.ഐ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.






