
കൊച്ചി: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ.
നിർദിഷ്ട പാത കടന്നുപോകുന്ന എറണാകുളം ജില്ലയിലെ 18 വില്ലേജുകളിൽ ഭൂമിയുടെ അതിർത്തി നിർണയിച്ച് സർവേ നടത്താൻ സർക്കാർ അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചു. ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ വില്ലേജുകളിലാണ് സർവേ നടക്കുക.
വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സർവേ നമ്പറുകളിലെ ഭൂമികളാണ് അളക്കുന്നത്.
ആലുവ താലൂക്കിലെ അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, മറ്റൂർ, വടക്കുംഭാഗം; കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ വെസ്റ്റ്, രായമംഗലം, അശമന്നൂർ; കോതമംഗലം താലൂക്കിലെ എരമല്ലൂർ, കോതമംഗലം; മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ, മൂവാറ്റുപുഴ, ഏനാനല്ലൂർ, വെള്ളൂർകുന്നം, മഞ്ഞള്ളൂർ എന്നീ വില്ലേജുകളിലാണ് നടപടികൾ.
ഭൂമിയുടെ അതിർത്തി നിർണയിക്കാൻ സർവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ ഉടമകൾ നൽകണം. 15 ദിവസത്തിനകം നിശ്ചിത സർവേ നമ്പറുകളിലുള്ള ഭൂമിയിലെ കാട് വൃത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുണ്ട്.
നിലവിലെ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് ശബരി റെയിൽപാതയുടെ നിർമാണച്ചെലവ്. നിർമാണത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും കാരണം 2019-ൽ റെയിൽവേ പദ്ധതി മരവിപ്പിച്ചിരുന്നു.
കഴിഞ്ഞവർഷം ഈ നടപടി റദ്ദാക്കിയ റെയിൽവേ തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയിൽവേയുടെ ആവശ്യം മുൻ സർക്കാർ അംഗീകരിച്ചിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം പദ്ധതി വീണ്ടും അവലോകനം ചെയ്തു. സർക്കാർ നിർദേശപ്രകാരം വിവിധ ജില്ലാ കളക്ടർമാർ പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ടുകളും സമർപ്പിച്ചു. 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കാൽനൂറ്റാണ്ടിലേറെയായി പൂർത്തിയാകാത്ത പദ്ധതിയുടെ തുടർനടപടികൾക്കായുള്ള പുതിയ നീക്കമായാണ് സർവേ വിജ്ഞാപനം വിലയിരുത്തപ്പെടുന്നത്.






