പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭസമ്മർദ്ദം ശക്തമാകുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ക്രൂഡ് വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭസമ്മർദ്ദം ശക്തമാകുന്നു.

നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്പനികളുടെ വരുമാനം കുതിച്ചുയർന്നെങ്കിലും ലാഭത്തില്‍ ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട പ്രവർത്തന ഫലമനുസരിച്ച്‌ ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും(ബി.പി.സി.എല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും(എച്ച്‌.പി.സി.എല്‍) അറ്റാദായത്തില്‍ ഇടിവുണ്ടായി.

റിഫൈനിംഗ് ബിസിനസില്‍ മികച്ച മാർജിൻ ലഭിക്കുമ്പോഴും പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ കുറഞ്ഞ വിപണന മാർജിനാണ് തിരിച്ചടിയായത്.

ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ ബി.പി.സി.എല്ലിന്റെ അറ്റാദായം 22.5 ശതമാനം കുറഞ്ഞ് 4,993 കോടി രൂപയായി. വരുമാനം 29.8 ശതമാനം വളർച്ചയോടെ 1.58 ലക്ഷം കോടി രൂപയായിട്ടും കമ്പനിക്ക് നേട്ടമായില്ല. എച്ച്‌.പി.സി.എല്ലിന്റെ അറ്റാദായം ഇക്കാലയളവില്‍ 9.1 ശതമാനം ഇടിഞ്ഞ് 3,483 കോടി രൂപയായി. വരുമാനം 26.2 ശതമാനം ഉയർന്ന് 1.39 ലക്ഷം കോടി രൂപയിലെത്തി.

വിപണന നഷ്‌ടം വിനയായി
ക്രൂഡ് വിലക്കയറ്റത്തിന് ആനുപാതികമായി ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന വില ഉയർത്താൻ കഴിയാതിരുന്നതാണ് വിപണന വിഭാഗത്തിന്റെ ലാഭത്തെ ബാധിച്ചത്.

ബി.പി.സി.എല്‍ 330 കോടി രൂപയുടെ വിപണന ഇൻവെന്ററി നഷ്‌ടവും 397 കോടി രൂപയുടെ വിദേശ നാണയ വിനിമയ നഷ്‌ടവും നേരിട്ടു. എച്ച്‌.പി.സി.എല്ലിന്റെ ചെലവുകള്‍ 25.9 ശതമാനം ഉയർന്നു. റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടാല്‍ മാത്രം കമ്പനികളുടെ ലാഭക്ഷമത കൂടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കമ്പനികളുടെ പ്രകടനം

  • ബി.പി.സി.എല്‍ എച്ച്‌.പി.സി.എല്‍
  • അറ്റാദായം 4,993 കോടി രൂപ 3,483 കോടി രൂപ
  • അറ്റാദായത്തിലെ ഇടിവ് 22.5 ശതമാനം 9.1 ശതമാനം
  • വരുമാന വളർച്ച 29.8 ശതമാനം 26.2 ശതമാനം
  • റിഫൈനിംഗ് മാർജിൻ(ബാരലിന്) 32.53 ഡോളർ 32.15 ഡോളർ

X
Top