
മുംബൈ: പത്തുവർഷംകൊണ്ട് രാജ്യത്തെ യുപിഐ പണമിടപാടിലുണ്ടായത് മൂല്യത്തിൽ 4000 ഇരട്ടിയിലേറെ വർധന. 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫെയ്സ് (യുപിഐ) ഇന്ത്യയുടെ ഡിജിറ്റൽ ഇടപാട് മേഖലയിലുണ്ടാക്കിയതു വിപ്ലവകരമായ മാറ്റമാണ്.
യുപിഐ വഴിയുള്ള ഇടപാട് മൂല്യം 2016-17 സാമ്പത്തിക വർഷത്തിലെ 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 314 ലക്ഷം കോടി രൂപയായി ഉയർന്നു.
വാർഷിക ഇടപാടുകളുടെ എണ്ണം 2016-17ലെ 1.78 കോടിയിൽ നിന്ന് 2025-26ൽ 24,162 കോടിയിലധികമായി ഉയർന്നു. ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 ഇരട്ടി വർധന.
കഴിഞ്ഞ മാസം ഇന്ത്യയിൽ പ്രതിദിനം ശരാശരി 76.3 കോടി പേയ്മെന്റുകൾ ഉൾപ്പെടെ, ആകെ 2,988 ലക്ഷം കോടി രൂപ മൂല്യമുള്ള 2,366 കോടി യുപിഐ ഇടപാടുകൾ നടന്ന് പുതിയ റെക്കോർഡും കുറിച്ചു.
ആഗോള യുപിഐ
ഇന്ത്യയുടെ അതിർത്തികൾക്കപ്പുറം യുപിഐ ഇപ്പോൾ ആഗോളതലത്തിൽ. യുഎഇ, ഫ്രാൻസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, സിംഗപ്പൂർ, മൊറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നീ 11 രാജ്യങ്ങളിൽ സേവനം ലഭ്യം.
കറൻസിയിൽ റെക്കോർഡ്
ഇതിനിടയിലും രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ അളവ് റെക്കോർഡിലെത്തിയെന്ന് ആർബിഐ കണക്കുകൾ പറയുന്നു. ഇക്കഴിഞ്ഞ മേയിൽ 43.02 ലക്ഷം കോടി രൂപയാണ് വിനിമയത്തിലുണ്ടായിരുന്നത്. ഇത് അഞ്ച് വർഷത്തെ റെക്കോർഡാണ്.
തൊട്ടുമുൻ വർഷത്തെ മേയിൽ കറൻസി വിനിമയം 38.35 ലക്ഷം കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകൾ നിലവിലുണ്ടെങ്കിലും കറൻസി ഇടപാടുകൾ രാജ്യത്ത് വ്യാപകമാണെന്നതിന്റെ സൂചനയാണിത്.
അടുത്തിടെ യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ കേന്ദ്രത്തിന് അനുവാദം നൽകുന്ന ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ പേർ യുപിഐയ്ക്കൊപ്പം കറൻസി ഇടപാടുകളും ശീലമാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.






