
ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുനിന്ന് പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ.
തമിഴ്‌നാട്ടിലെ പെരിയാർ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിൽ മുൻ സോവിയറ്റ് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വിക്ഷേപണത്തറയുടെ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ കുലശേഖരപട്ടണത്തിന് 2024 ഫെബ്രുവരി 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തീരദേശ ഗ്രാമത്തിലാണ് പുതിയ ബഹിരാകാശ നിലയം ഒരുങ്ങുന്നത്.
‘തമിഴ്‌നാട് സർക്കാർ ഏകദേശം 2,300 ഏക്കർ ഭൂമി ഏറ്റെടുത്ത് ഞങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അവിടെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി മുന്നോട്ടുപോകുകയാണ്. അടുത്ത വർഷം അവിടെനിന്ന് ഒരു റോക്കറ്റ് വിക്ഷേപിക്കും.’ വി. നാരായണൻ പറഞ്ഞു.






