
ന്യൂഡൽഹി: ഈ വർഷത്തെ നവരാത്രി കാലയളവിൽ രാജ്യത്ത് 11.23 ലക്ഷം വാഹനങ്ങൾ റീട്ടെയിൽ വിപണിയിൽ വിറ്റതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) അറിയിച്ചു.
2024-ലെ നവരാത്രിയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 26.76 ശതമാനം വളർച്ചയുണ്ട്. എന്നാൽ 2025-ലെ നവരാത്രിയെ അപേക്ഷിച്ച് വിൽപ്പന 6.52 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം നവരാത്രി 11 ദിവസം നീണ്ടതും ജിഎസ്‌ടി 2.0 നടപ്പാക്കിയതിനെ തുടർന്നുണ്ടായ അധിക ആവശ്യകതയും ഈ താരതമ്യത്തെ സ്വാധീനിച്ചതായി ഫാഡ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പനയിൽ 26.78 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ നവരാത്രിയിലെ 92,628 യൂണിറ്റിൽനിന്ന് ഇത്തവണ വിൽപ്പന 1,17,437 യൂണിറ്റായി ഉയർന്നു.
മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 10.5 ശതമാനത്തോടടുത്തെത്തി; കഴിഞ്ഞ വർഷം ഇത് ഏകദേശം 7.7 ശതമാനമായിരുന്നു.
പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 2024-നെ അപേക്ഷിച്ച് 10.39 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് 32.41 ശതമാനവും വർധിച്ചു. വാണിജ്യ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പനയിലും വളർച്ചയുണ്ടായി.
ധൻതേരസ്–ദീപാവലി കാലയളവിലെ വിൽപ്പനയിലും ഫാഡ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.






