
തിരുവനന്തപുരം: കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപം 13 ശതമാനം വളർച്ചയോടെ 10,84,241 കോടി രൂപയായി. മൊത്തം വായ്പ 11 ശതമാനം ഉയർന്ന് 7,81,043 കോടി രൂപയായെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം റിപ്പോർട്ട് ചെയ്തു.
വായ്പാ- നിക്ഷേപ അനുപാതം 72.04 ശതമാനമാണ്. ഇത് ആർ.ബി.ഐ. നിർദ്ദേശിച്ച 60% ബെഞ്ച്‌മാർക്കിന് മുകളിലാണ്.
കാർഷിക വായ്പകള്‍ 16 ശതമാനം വളർച്ചയോടെ എക്കാലത്തെയും ഉയർന്ന തുകയായ 1,76,142 കോടിയിലെത്തി. എംഎസ്‌എംഇ വായ്പകള്‍ 13 ശതമാനം വളർച്ചയോടെ 1,08,948 കോടിയിലെത്തി റെക്കാഡിട്ടു. പ്രവാസി നിക്ഷേപങ്ങള്‍ 17 ശതമാനം ഉയർന്ന് 3,35,440 കോടി രൂപയായി.
പി.എം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന, പി.എം.എഫ്.എം.ഇ, അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, പി.എം.ഇ.ജി.പി, പി.എം വിശ്വകർമ എന്നിവയിലെ ബാങ്കുകളുടെ പ്രകടനം യോഗം അവലോകനം ചെയ്തു.
സംസ്ഥാന ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാല്‍ ,വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കനറാ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ഭവേന്ദ്ര കുമാർ, എസ്.എല്‍.ബി.സി. കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജരുമായ വി.എസ്. സന്തോഷ്, റിസർവ് ബാങ്ക് റീജിയണല്‍ ഡയറക്ടർ പ്രവീണ്‍ കുമാർ വസന്ത രാമചന്ദ്രൻ, നബാർഡ് ചീഫ് ജനറല്‍ മാനേജർ നാഗേഷ് കുമാർ അനുമാല തുടങ്ങിയവർ പങ്കെടുത്തു.






