ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം ഒരുക്കും: മുഖ്യമന്ത്രി

കൊച്ചി: മാറുന്ന കാലത്തിന്റ വെല്ലുവിളികള്‍ ഏറ്റെടുക്കാവുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞു.

സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടം ‘മിഷന്‍ 1000’ എറണാകുളം, ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും നൂതനാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുമാണ് ശ്രമിക്കുന്നത്. അത് വഴി സുസ്ഥിര വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും.കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന ആക്ഷേപമുണ്ടായിരുന്നു.

നിക്ഷേപകരല്ല, പകരം നാടിനെ ഇകഴ്ത്തി കാണിക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷിപ്ത താത്പര്യക്കാരാണ് ഇതിന് പിന്നില്‍. എന്നാല്‍ കേരളത്തിലേക്ക് ബഹുരാഷ്ട കമ്പനികള്‍ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടു വന്നു.

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ സംശയിച്ചവരുണ്ടായിരുന്നു, എന്നാല്‍ എട്ട് മാസം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തിയായി. പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയാണ് ഇതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്.

നിലവിലുള്ള 1000 സംരംഭങ്ങളെ തെരഞ്ഞെടുത്ത് 4 വര്‍ഷം കൊണ്ട് ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയര്‍ത്തി കൊണ്ടുവരുന്ന പദ്ധതിയാണ് മിഷന്‍ 1000. ഇത് എല്ലാ സംരംഭങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും ബഹു. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനായുള്ള സോഫ്റ്റ് വെയര്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയതായി ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സംരംഭക വര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ 1,39,840 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. 3,43,000 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. 45107 വനിതാ സംരംഭങ്ങള്‍ ആരംഭിച്ചു. 14 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷന്‍ 1000 പോര്‍ട്ടലിന്റെയും യൂടൂബ് സെല്‍ഫി പോയിന്റിന്റെയും ഉദ്ഘാടനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ശ്രീ. സുമന്‍ ബില്ല ഐ എ എസ്, ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ശ്രീ. എസ് ഹരികിഷോര്‍ ഐ എ എസ്, എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐ എ എസ്, കെഎസ്എസ് ഐ എ ജനറല്‍ സെക്രട്ടറി ശ്രീ. പി.ജെ ജോസ്, ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ മുൻ കോ-ചെയര്‍ ശ്രീ. ദീപക്ക് അസ്വാനി, സി ഐ ഐ കേരള ചെയര്‍ ശ്രീ. അജു ജേക്കബ്, ടൈ കേരള പ്രസിഡണ്ട് ശ്രീ. ദാമോദര്‍ അവനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 600 ൽപ്പരം സംരംഭകരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

X
Top