ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾക്കൊരുങ്ങി സോഹോ

ദുബായ്: രാജ്യാന്തര വിവര സാങ്കേതിക കമ്പനിയായ സോഹോ കേരളത്തിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണെന്നു സൂചന നൽകി സിഇഒയും സഹ സ്ഥാപകനുമായ ശ്രീധർ വെമ്പു.

സോഹോയുടെ പ്രവർത്തന കേന്ദ്രം കേരളത്തിന്റെ അതിർത്തി പ്രദേശമായ തെങ്കാശിയാണ്. തെങ്കാശിയിലേതിനു സമാനമായ ഓഫിസുകൾ കേരളത്തിൽ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നു ശ്രീധർ വെമ്പു പറഞ്ഞു. മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മികച്ച എൻജിനീയർമാരുണ്ട്. കേരളത്തിന്റെ അന്തരീക്ഷം ഐടി സ്ഥാപനങ്ങൾക്ക് അനുകൂലമാണ്. സോഹോയുടെ സഹ സ്ഥാപകൻ മലയാളിയായ ടോണി തോമസാണ്.

കേരളത്തിലെ സ്റ്റാർട്ടപ് കമ്പനിയായ ജെൻ റോബട്ടിക്സിൽ സോഹോ നിക്ഷേപം നടത്തിയിട്ടുണ്ട്. അഴുക്കുചാലുകൾ വൃത്തിയാക്കാൻ റോബട്ടുകളെ ഉപയോഗിക്കുന്ന സ്റ്റാർട്ടപ്പാണ് ജെൻ റോബട്ടിക്സ്. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതി എന്ന നിലയിലാണ് ജെൻ റോബട്ടിക്സിൽ നിക്ഷേപിച്ചതെന്നു ശ്രീധർ പറഞ്ഞു.

മനുഷ്യർ ഇറങ്ങി വൃത്തിയാക്കിയിരുന്ന അഴുക്കുചാലുകളാണ് ഇപ്പോൾ റോബോട്ടിനെ ഉപയോഗിച്ചു വൃത്തിയാക്കുന്നത്. ഇന്ത്യയിലെ 200 നഗരങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർക്കു സഹായമാകുന്ന റോബട് അസിസ്റ്റന്റുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജൻ റോബട്ടിക്സ്.

ഇടറി വീഴാതെ താങ്ങി നടത്താൻ കെൽപ്പുള്ളതാണ് ജെൻ റോബട്ടിക്സിന്റെ അടുത്ത തലമുറ. ഈ പദ്ധതിയിലും സോഹോ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആശയങ്ങളുമായെത്തുന്ന സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ സോഹോ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഐടി സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചു വിടുന്ന പ്രവണത ശരിയല്ല. കമ്പനികളുടെ പരിധിക്കപ്പുറത്തേക്കു വികസിപ്പിക്കുന്നതിന്റെ അനന്തരഫലമാണ് ഇത്തരം പുറത്താക്കലുകൾ.

കൃത്യമായ ആസൂത്രണത്തോടെ കമ്പനികൾ വികസന പദ്ധതികൾ നടപ്പാക്കിയാൽ ജീവനക്കാരുടെ ആൾക്കൂട്ടം ഉണ്ടാകില്ല. മികച്ച പ്രതിഭകളെയാണ് ലേ ഓഫ് എന്ന പേരിട്ടു പറഞ്ഞു വിടുന്നത്.

സോഹോ ഇത്തരം പ്രവണതകൾക്ക് എതിരാണ്. സോഹോയിലെ ഒരു ജീവനക്കാരനെയും പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top