
തിരുവനന്തപുരം: വിദേശകപ്പലുകളിലെ ജീവനക്കാര്‍ക്കും നാവികര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം നടത്താന്‍ വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.
ട്രാന്‍സ്ഷിപ്പ്‌മെന്റ് പദവിക്കൊപ്പം ക്രൂ ചേഞ്ചിംഗ് അനുമതി കൂടി ലഭിച്ചാല്‍ പ്രദേശവാസികള്‍ അടക്കമുള്ളവര്‍ക്ക് വന്‍ തൊഴിലവസരങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടവും ലഭിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും അന്താരാഷ്ട്ര കപ്പല്‍ ചാലും അടുത്തായത് വിഴിഞ്ഞത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
സേവന കാലാവധി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവര്‍ക്ക് തങ്ങളുടെ ചുമതലകള്‍ കൈമാറുന്ന ചടങ്ങാണിത്.
സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം സുഗമമായി നടക്കുന്നതിനും ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും കൃത്യമായ ഇടവേളകളിലെ ഇത്തരം ക്രൂ ചേഞ്ചുകള്‍ അത്യാവശ്യമാണ്.
എന്നാല്‍ കപ്പലിന്റെ യാത്രക്കിടയില്‍ തിരക്കുള്ള തുറമുഖത്തെത്തി ജീവനക്കാരെ മാറ്റുന്നത് പലപ്പോഴും ഷിപ്പിംഗ് കമ്പനികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കാറുണ്ട്. ഇതിനെ മറികടക്കാനാണ് കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാതെ പുറംകടലിലെത്തുന്ന കപ്പലില്‍ നിന്ന് പ്രത്യേക ബോട്ടുകളില്‍ ജീവനക്കാരെ കരയിലേക്ക് മാറ്റുന്ന രീതി സ്വീകരിക്കുന്നത്.
കരയിലെത്തുന്ന ജീവനക്കാര്‍ വലിയ വിപണി സാധ്യതകളാണ് തുറന്നിടുന്നത്. തുറമുഖ ഫീസ്, പുറംകടലില്‍ നങ്കൂരമിടുന്നതിനുള്ള ഫീസ്, ചാനല്‍ ഫീസ്, വെഹിക്കിള്‍ എന്‍ട്രി ഫീസ്, ടഗ് വാടക തുടങ്ങിയ ഇനങ്ങളിലാണ് തുറമുഖത്തിന് വരുമാനം ലഭിക്കുന്നത്.
09.43 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖം ക്രൂ ചേഞ്ചിംഗിലൂടെ നേടിയത്. ക്രൂ ചേഞ്ചിംഗ് നടത്തുമ്പോള്‍ ഒരു ജീവനക്കാരനില്‍ നിന്നും 5,000 ഡോളര്‍ (ഏകദേശം നാലുലക്ഷം രൂപ) വരെയാണ് വരുമാനം ലഭിക്കുന്നത്.
ഇതിന് പുറമെ ഇവര്‍ക്ക് വേണ്ട യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയില്‍ നിന്നും വരുമാനം ലഭിക്കും. തദ്ദേശീയര്‍ക്കും വരുമാനമുണ്ടാക്കാനുള്ള അവസരമാണിത്.
ആരോഗ്യ പരിശോധനകള്‍ക്കായി കപ്പല്‍ ജീവനക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ ആരോഗ്യ രംഗത്തും മികച്ച നേട്ടമുണ്ടാക്കാം. തലസ്ഥാന നഗരിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയുന്ന പത്തോളം ആശുപത്രികള്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയില്‍ നിന്നും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ലുലു മാള്‍, മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളിലേക്കും നഗരത്തിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിലേക്കും കപ്പല്‍ ജീവനക്കാരുടെ ഒഴുക്കുണ്ടാകും.
ഇത് പ്രാദേശിക വിപണിയെയും ഉത്തേജിപ്പിക്കും.