
ന്യൂയോർക്ക്: ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്കെതിരെ പിടിമുറുക്കി അമേരിക്കന്‍ ഭരണകൂടം യു.എസ്. വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുടെ ഉപകമ്പനികള്‍ക്കും ഇനി കയറ്റുമതി നിയന്ത്രണങ്ങള്‍ ബാധകമാകും.
നിലവിലെ വിലക്കുകള്‍ മറികടക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന ഒരു പ്രധാന പഴുത് അടയ്ക്കുകയാണ് ലക്ഷ്യം. ഇതോടെ സാങ്കേതിക രംഗത്തെ യു.എസ്. – ചൈന മത്സരം കൂടുതല്‍ രൂക്ഷമായി. യു.എസ്. വാണിജ്യ വകുപ്പിന്റെ ‘കരിമ്പട്ടികയില്‍’ ഉള്‍പ്പെട്ട കമ്പനികളുടെ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാകും.
കരിമ്പട്ടികയിലുള്ള ഒരു കമ്പനിക്ക് 50 ശതമാനത്തിലധികം ഓഹരിയുള്ള ഏതൊരു ഉപകമ്പനിക്കും ഉല്‍പ്പന്നങ്ങളോ സാങ്കേതിക വിദ്യകളോ കയറ്റുമതി ചെയ്യാന്‍ ഇനി പ്രത്യേക അനുമതി വേണ്ടിവരും.
ഹുവായി, വൈ.എം.ടി.സി.(ചിപ്പ് നിര്‍മാതാക്കള്‍), ഡി.ജെ.ഐ.(ഡ്രോണ്‍ നിര്‍മാതാക്കള്‍) തുടങ്ങിയ വന്‍കിട ചൈനീസ് കമ്പനികള്‍ക്കെല്ലാം ഈ നിയമം തിരിച്ചടിയാകും.
വിലക്കുള്ള കമ്പനികള്‍ അവരുടെ ഉപകമ്പനികള്‍ വഴി അമേരിക്കന്‍ സാങ്കേതികവിദ്യകള്‍ കൈക്കലാക്കുന്നത് തടയാനാണ് ഈ നടപടി. നിയന്ത്രണങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ വകുപ്പ് അറിയിച്ചു. പതിനായിരക്കണക്കിന് സ്ഥാപനങ്ങളെ ഇത് ബാധിച്ചേക്കാം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ കയറ്റുമതികള്‍ക്ക് തടയിടാനാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടറുകള്‍, അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് എന്നിവയുടെ നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഈ സാങ്കേതിക വിദ്യകള്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കം. ചൈനീസ്, റഷ്യന്‍ കമ്പനികളാണ് കരിമ്പട്ടികയില്‍ കൂടുതലായുള്ളത്.
അമേരിക്കയുടെ നീക്കത്തെ ചൈനയുടെ വാണിജ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. ഇത് അങ്ങേയറ്റം ദുരുദ്ദേശപരമാണ് എന്ന് ചൈന ആരോപിച്ചു. ചൈനീസ് കമ്പനികളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.