എണ്ണ ഇറക്കുമതി ബില്ലില്‍ വന്‍ വര്‍ധന ◆ നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ ◆ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട നികുതിയിളവ് പ്രഖ്യാപിച്ചു ◆ അരിവില 100 കടന്നേക്കുമെന്ന് ആശങ്ക ◆ രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆

നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: നവംബറിൽ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള‍ സാധ്യത കൂടി. അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനു മുൻപ് ഇന്ധന വില വർധന നടപ്പിലാക്കാൻ കേന്ദ്രസർക്കാരിനുള്ള മികച്ച അവസരമാണ് നവംബറിലെന്നും സാമ്പത്തിക വിദഗ്ധർ.

2027ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനു മുൻപ് എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാരിനുള്ള അവസാന അവസരമാണ് നവംബറിലെന്നു ഓക്സ്ഫഡ് ഇക്കണോമിക്സിലെ ലീഡ് ഇക്കണോമിസ്റ്റ് ഹെർമൻ പ്രസാദ് പറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഗോവ. മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് 2027ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂ‍ഡോയിൽ വില കുതിച്ചതോടെ അയൽരാജ്യങ്ങളെല്ലാം എണ്ണവില കൂട്ടിയെങ്കിലും ഇന്ത്യയിൽ തുടക്കത്തിൽ വില മാറിയിരുന്നില്ല. എന്നാൽ മേയിൽ 7.5 ശതമാനം വില വർധിപ്പിച്ചു. ഇക്കുറി ഇത്രയും വർധനയുണ്ടാകില്ല.

പകരം 3 ശതമാനം വരെ വില വർധിപ്പിക്കാനാണ് സാധ്യത. രാജ്യാന്തര ക്രൂഡോയിൽ വില അഞ്ചു മാസത്തെ ഉയർന്ന നിലയായ ബാരലിന് 110 ഡോളറിലേക്കെത്തിയതും സർക്കാർ പരിഗണിച്ചേക്കും.

ഇതിനൊപ്പം രാജ്യത്തെ എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത നഷ്ടവും കേന്ദ്രം മുഖവിലക്കെടുക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക സ്ഥാനപമായ ജെഫ്രീസിന്റെ കണക്കു പ്രകാരം ഒരു ലിറ്റർ പെട്രോളിന് 26 രൂപയും ഡീസലിന് 30 രൂപയുമാണ് എണ്ണക്കമ്പനികളുടെ നഷ്ടം.

ക്രൂഡോയിൽ വിലയും കടത്തുകൂലിയും ഒരുമിച്ചു കൂടിയതാണ് നഷ്ടം വർധിക്കാൻ കാരണം.
ഇന്ത്യൻ കമ്പനികൾ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന ശരാശരി വിലയായ ‘ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ്’ ഒക്ടോബറിൽ ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

പെട്രോളിയം പ്ലാനിങ് ആൻ‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം ഇന്ത്യൻ ക്രൂ‍ഡ് ബാസ്ക്കറ്റ് ഒക്ടോബറിൽ 122.01 ഡോളറിലാണ്. സെപ്റ്റംബറിൽ ഇത് 116.09 ഡോളറും ഓഗസ്റ്റിൽ 90.19 ഡോളറുമായിരുന്നു. കേന്ദ്രസർക്കാർ എണ്ണവില വർധിപ്പിച്ച മേയിൽ 106.23 ഡോളറും.
ചില സ്വകാര്യ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ ചില്ലറ വില വർധിപ്പിച്ചതും കേന്ദ്ര സർക്കാർ പരിഗണിച്ചേക്കും.

ഇരട്ടിഭാരം
അതേസമയം, നവംബറിൽ കേന്ദ്രസർക്കാർ എണ്ണവില കൂട്ടാൻ തീരുമാനിച്ചാൽ രാജ്യത്തെ പണപ്പെരുപ്പം ആർബിഐയുടെ സഹന പരിധിയായ 6 ശതമാനവും കടന്നു കുതിക്കുമെന്നും ഹെർമൻ പ്രസാദിന്റെ വിലയിരുത്തൽ.

ഡിസംബറിൽ അവസാനിക്കുന്ന മൂന്നാം പാദത്തിൽ പണപ്പെരുപ്പം 6.2 ശതമാനമാകും. 2027ന്റെ ആദ്യ ത്രൈമാസത്തിൽ ഇത് 6.5 ശതമാനമായും കുതിക്കും. പണപ്പെരുപ്പം 4 ശതമാനത്തിനുള്ളിൽ നിർത്തണമെന്നാണ് ആർബിഐ ലക്ഷ്യം. 6 ശതമാനം വരെ ആയാലും കാര്യമായ പ്രശ്നമില്ല.

അതുകഴിഞ്ഞാൽ അടിസ്ഥാന പലിശ നിരക്ക് വർധന ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഡിസംബർ, ഫെബ്രുവരി യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ.

4 വർഷത്തിനു ശേഷം ഈ മാസമാണ് 0.25 ശതമാനം റിപ്പോ നിരക്ക് കൂട്ടാൻ ആർബിഐ തീരുമാനിച്ചത്. വീണ്ടും പലിശ കൂട്ടാൻ തീരുമാനിച്ചാൽ‍ വ്യക്തിഗത, ബിസിനസ് വായ്പക്കാർക്ക് കനത്ത തിരിച്ചടിയാകും.

X
Top