ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൽഗഡ് ജില്ലയിൽപ്പെട്ട വധവനിൽ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ പ്രധാന തുറമുഖം നിർമിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നൽകി.
ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി (ജെഎൻപിഎ), മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) എന്നിവ ചേർന്നു രൂപീകരിച്ച സംയുക്ത സംരംഭത്തിന്റെ പങ്കാളിത്തത്തോടെയാണ് തുറമുഖ നിർമാണത്തിന് കേന്ദ്രം അംഗീകാരം നൽകിയത്. ഭൂമിയേറ്റെടുക്കലടക്കം 76220 കോടി രൂപയാണ് തുറമുഖ നിർമാണത്തിന്റെ ആകെ ചെലവ്.
അടിസ്ഥാന സൗകര്യങ്ങൾ, ടെർമിനലുകൾ, മറ്റു വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും വികസിപ്പിക്കുക. തുറമുഖത്തെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ, റെയിൽ ഗതാഗതം എന്നിവയുടെ വികസനത്തിനും കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി.
1000 മീറ്റർ നീളമുള്ള ഒന്പത് കണ്ടെയ്നർ ടെർമിനലുകളടക്കം നിർമിക്കും. പദ്ധതി രാജ്യത്തിന്റെ സാന്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ വർധിപ്പിക്കുകയും ഏകദേശം പത്തു ലക്ഷം ആളുകൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലവസരം നൽകുകയും ചെയ്യും.