
സംസ്ഥാനത്ത് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർണമായും യന്ത്രവത്കൃത സംവിധാനത്തിലേക്ക് മാറുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരം നടപ്പിലാക്കുന്ന ഈ സംവിധാനം നിലവിൽ വരുന്നതോടെ 60 ശതമാനം വാഹനങ്ങളും ടെസ്റ്റിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു ഫിറ്റ്നസ് വിലയിരുത്തിയിരുന്നതെങ്കിൽ, ഇനിമുതൽ സസ്പെൻഷൻ, ബ്രേക്ക്, സ്റ്റിയറിങ്, ലൈറ്റുകൾ തുടങ്ങി എല്ലാ ഘടകങ്ങളും കംപ്യൂട്ടർ നിയന്ത്രിത യന്ത്രങ്ങൾ പരിശോധിക്കും. കൃത്യമായി പരിപാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ ഇനിമുതൽ ടെസ്റ്റ് പാസാകാൻ സാധിക്കൂ.
സംസ്ഥാനത്തെ ആദ്യ ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രം കൊല്ലം പൂയപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കും. അടുത്ത ആറു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും രണ്ട് വീതം കേന്ദ്രങ്ങൾ സ്ഥാപിച്ച് സംസ്ഥാനം പൂർണമായും ഈ സംവിധാനത്തിലേക്ക് മാറും. വാഹനങ്ങളുടെ പരിശോധനാഫലം തത്സമയം തന്നെ വാഹൻ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുകയും സിസ്റ്റം തന്നെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുമെന്ന് ഗതാഗത കമ്മീഷണർ നാഗരാജു ചകിലം അറിയിച്ചു.
പുതിയ മാറ്റത്തോടെ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ജോലിഭാരം ഗണ്യമായി കുറയും. ഇതിലൂടെ ലഭിക്കുന്ന അധിക സമയം ഡ്രൈവിങ് ടെസ്റ്റ്, റോഡ് സുരക്ഷാ പരിപാടികൾ, മറ്റ് വാഹന പരിശോധനകൾ എന്നിവയ്ക്കായി വിനിയോഗിക്കാൻ ഉദ്യോഗസ്ഥരെ സാധിക്കും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണത്തിന് ഇൻസ്‌പെക്ടർമാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നൽകിയ നിവേദനം കേന്ദ്ര മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ അധികൃതർ നിരസിച്ചു.






