ടിം കുക്ക് ആപ്പിളിന്റെ 5.11 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. നികുതിക്കു ശേഷം ഏകദേശം 41 ദശലക്ഷം ഡോളര്‍ ഓഹരി വില്‍പ്പനയിലൂടെ ലഭിച്ചതായിട്ടാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ ഒക്ടോബര്‍ മൂന്നിന് സമര്‍പ്പിച്ച രേഖയില്‍ ആപ്പിള്‍ സിഇഒ കൂടിയായ കുക്ക് അറിയിച്ചത്.
രണ്ട് വര്‍ഷത്തിനിടെ കുക്ക് ഇത് ആദ്യമായിട്ടാണ് ഇത്രയും വലിയ തോതില്‍ ഓഹരി വിറ്റഴിച്ചത്. ഇതിനു മുമ്പ് 2021 ഓഗസ്റ്റിലായിരുന്നു കുക്ക് ആപ്പിള്‍ ഓഹരികള്‍ വിറ്റഴിച്ചത്. അന്ന് കുക്കിന് നികുതിക്കു ശേഷം 355 ഡോളര്‍ ലഭിച്ചിരുന്നു.
565 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ആപ്പിളിന്റെ 3.28 ദശലക്ഷം ഓഹരികളാണു ഇപ്പോള്‍ കുക്കിന്റെ ഉടമസ്ഥതയിലുള്ളത്. ടിം കുക്കിനു പുറമെ ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഡെയ്ഡര്‍ ഒബ്രിയന്‍, കാതറിന്‍ ആഡംസ് എന്നിവരും ഓഹരി വില്‍പ്പന നടത്തി.
ഈ വര്‍ഷം ജുലൈയില്‍ ആപ്പിളിന്റെ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 198.23 ഡോളറിലെത്തിയിരുന്നു. എന്നാല്‍ സമീപകാലത്ത് 13 ശതമാനത്തോളം ഇടിയുകയും ചെയ്തു.
സ്മാര്‍ട്ട്‌ഫോണ്‍ ഡിമാന്‍ഡില്‍ പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള റിക്കവറി സംബന്ധിച്ച് നിക്ഷേപകര്‍ക്കിടയിലുണ്ടായ ആശങ്കയെ തുടര്‍ന്നാണ് ഇടിവുണ്ടായത്.
കഴിഞ്ഞ മാസം ആപ്പിള്‍ ഐഫോണ്‍ നിരയിലെ പുതിയ മോഡലായ ഐഫോണ്‍ 15 വിപണിയിലിറക്കിയിരുന്നു.
ഈ മോഡലിന് മികച്ച ഡിമാന്‍ഡാണ് വിപണിയില്‍ അനുഭവപ്പെടുന്നത്.