കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ട്രെയ്ലർ മേഖലയിലെ തൊഴിൽ തർക്കം അഡിഷണൽ ലേബർ കമ്മിഷണർ (ഇൻഡസ്ട്രിയൽ റിലേഷൻസ്) കെ ശ്രീലാൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തു പരിഹരിച്ചു കരാർ ആയി.
കരാർ പ്രകാരം കൊച്ചിൻ കണ്ടെയ്നർ കാരിയർ ഓണേഴ്‌സ് വെൽഫേർ അസോസിയേഷൻ-ന്റെ 21.03.2016 ലെ സർക്കുലർ പ്രകാരം നിശ്‌ചയിച്ച വാടകയിൽ നിന്നും സംസ്ഥാനത്തിനകത്തു 15% ഉം സംസ്ഥാനത്തിന് പുറത്തു 10% ഉം വർധിപ്പിക്കുകയും ഇത്തരത്തിൽ വർധിപ്പിച്ചു ലഭിക്കുന്ന വാടകയുടെ 15.75% ബാറ്റ ഇടക്കാല ആശ്വാസമായി തൊഴിലാളികൾക്ക് ലഭിക്കും.
കൂടാതെ വാഹന ഉടമകൾ സംസ്ഥാന തൊഴിൽ വകുപ്പിന്റെ വേയ്ജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും തൊഴിലാളികൾക്ക് നൽകുന്ന കൂലി വേയ്ജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി നൽകുന്നതിനും തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ 07.08.2024 അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. വർധിപ്പിച്ച ആനുകൂല്യങ്ങൾ 16.08.2024 തീയതിമുതൽ തൊഴിലാളികൾക്ക് ലഭിക്കും.
യോഗത്തിൽ തൊഴിലാളി-കോൺട്രാക്ടർ പ്രതിനിധികളെ കൂടാതെ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ പി ആർ ശങ്കർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ (ആസ്ഥാനം) കെ.എസ് സിന്ധു, എറണാകുളം ജില്ലാ ലേബർ ഓഫീസർ എം.എൻ.ജൊവിൻ എന്നിവരും പങ്കെടുത്തു.