
ന്യൂഡൽഹി: എണ്ണ വിപണന കമ്പനികൾ വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലയിൽ 10 ശതമാനം വർദ്ധനവ് ഏർപ്പെടുത്തി. ആഭ്യന്തര വിമാനങ്ങൾക്കുള്ള ഇന്ധന വില ലിറ്ററിന് 105 രൂപയിൽ നിന്ന് 115 രൂപയായി ഉയന്നു. പുതിയ വില സ്ഥിരതാ ശൃംഖലയുടെ കീഴിൽ നടപ്പിലാക്കിയ ഈ വർദ്ധനവ് അടുത്ത മൂന്ന് വർഷത്തേക്ക് മാറ്റമില്ലാതെ തുടരുമെങ്കിലും യാത്രക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാകും.
വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും ഇന്ധനത്തിനായി ചെലവാകുന്നതിനാൽ, വർദ്ധിച്ച ഈ ബാധ്യത ടിക്കറ്റ് നിരക്കുകളിലൂടെ യാത്രക്കാരിലേക്ക് കൈമാറാനാണ് സാധ്യത.
ഇറാൻ-അമേരിക്ക യുദ്ധവും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് മൂലം വിമാന ഇന്ധന വിലയിലുണ്ടാകുന്ന അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി. ഇതിനായി സർക്കാർ 10,000 കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ധന വില സ്ഥിരമായി നിശ്ചയിക്കുന്നതിലൂടെ വിമാനക്കമ്പനികൾക്ക് ഇന്ധനച്ചെലവിൽ കൃത്യത നൽകാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ഇന്ധനവില നിശ്ചിത പരിധിയിലും ഉയർന്നാൽ കമ്പനികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകും. എന്നാൽ വില കുറഞ്ഞാൽ അതിന്റെ ഗുണം യാത്രക്കാർക്ക് നൽകാതെ സർക്കാർ തിരിച്ചെടുക്കുന്ന രീതിയാണിതെന്നും ആക്ഷേപമുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ഇന്ധനവില വർദ്ധിച്ചതോടെ എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള പ്രമുഖ ആഭ്യന്തര വിമാനക്കമ്പനികൾ ജൂൺ ഒന്ന് മുതൽ തങ്ങളുടെ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവ് മുഴുവനായും ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാരിൽ നിന്ന് ഈടാക്കാൻ പരിമിതികളുള്ളതിനാലാണ് പല കമ്പനികളും സർവീസുകൾ നിർത്തലാക്കുന്നത്. ഇന്ത്യൻ വിമാനയാത്ര വിപണിയുടെ 90 ശതമാനവും കൈയാളുന്ന ഈ രണ്ട് കമ്പനികളുടെയും തീരുമാനം യാത്രക്കാരെ സാരമായി ബാധിക്കും. രാജ്യത്തെ ആഭ്യന്തര വിമാന ഗതാഗതത്തെ ഇത് വലിയ തോതിൽ പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 22 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇൻഡിഗോ തങ്ങളുടെ സേവനങ്ങളിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ കുറവ് വരുത്താനാണ് പദ്ധതിയിടുന്നത്.
പ്രധാന വിമാനക്കമ്പനികളുടെ ഈ പിന്മാറ്റം വിമാനടിക്കറ്റുകളുടെ ലഭ്യത കുറയ്ക്കാനും ബാക്കിയുള്ള സീറ്റുകൾക്ക് അമിത വില ഈടാക്കാനും കാരണമായേക്കും. ഇന്ധനവില നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവുണ്ടാകുന്നത് വരും ദിവസങ്ങളിൽ യാത്രക്കാർക്ക് വലിയ വെല്ലുവിളിയായി മാറും.






