തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വാഹന പൊളിക്കൽ കേന്ദ്രം(vehicle demolition center) തുടങ്ങാൻ കെഎസ്ആർടിസിയും(ksrtc) റെയിൽവേയും(Railway) കൈകോർക്കുന്നു. ഇതിനായി റെയിൽവേയുടെ ഉപകമ്പനിയായ ബ്രത്ത്വെറ്റുമായി കെഎസ്ആർടിസി. ധാരണാപത്രം ഒപ്പിട്ടു.
ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആർ.ടി.സി. നൽകും. ബ്രത്ത്വെറ്റ് യൂണിറ്റ് സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി.ക്ക് വരുമാനത്തിന്റെ നിശ്ചിത ശതമാനം ലഭിക്കും.
തെക്കൻ മേഖലയിലാകും ആദ്യ പൊളിക്കൽ കേന്ദ്രം വരുക. പാറശ്ശാലയിൽ ഉൾപ്പെടെ കെ.എസ്.ആർ.ടി.സി. ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. അന്തിമകരാർ ഉടൻ ഒപ്പിടും.
15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള കേന്ദ്രനയപ്രകാരം സംസ്ഥാനങ്ങളിൽ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങേണ്ടതുണ്ട്. 2024 ഏപ്രിലിൽ പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതായിരുന്നു.
കെ.എസ്.ആർ.ടി.സി.യെ നോഡൽ ഏജൻസിയായി നിയോഗിച്ച സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് നടപടികൾ നീളുകയായിരുന്നു. മധ്യ, വടക്കൻ ജില്ലകളിലായി രണ്ട് പൊളിക്കൽ കേന്ദ്രങ്ങൾ കൂടി തുടങ്ങേണ്ടതുണ്ട്. ഇതിന് ടെൻഡർ വിളിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സർക്കാർ അനുമതി നൽകി.
കേന്ദ്രനിർദേശ പ്രകാരം സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിച്ചിരുന്നു.
അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാത്തതിനാൽ ഇവ മാറ്റിയിട്ടിരിക്കുകയാണ്. 15,000 വാഹനങ്ങളെങ്കിലും ഈ വിഭാഗത്തിൽ പൊളിക്കാനുണ്ട്.
ഇതിനുപുറമേ നശിച്ചതും ഉടമകൾ ഉപേക്ഷിച്ചതും കോടതികൾ കണ്ടുകെട്ടിയതുമായ വാഹനങ്ങളും ആദ്യഘട്ടത്തിൽ പൊളിക്കൽ കേന്ദ്രത്തിൽ എത്തും. വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാലേ നിലവിൽ ഒരു വാഹനം പൊളിച്ച് രജിസ്ട്രേഷൻ റദ്ദാക്കാൻ കഴിയൂ.
അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ സജ്ജമായാൽ ഉടമയ്ക്ക് രേഖകൾ സഹിതം വാഹനം കൈമാറാൻ കഴിയും. അപ്പോൾത്തന്നെ സാക്ഷ്യപത്രവും ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് നികുതിയിളവ് ലഭിക്കും.
ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെടുന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കേണ്ടിവരും. എന്നാൽ, വാഹനക്ഷമത പരിശോധിക്കുന്ന ഫിറ്റ്നസ് കേന്ദ്രങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല.