
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ വില 2,840 രൂപയായി. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു.
തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തുന്നത്. സെപ്റ്റംബറിൽ 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയും വർധിപ്പിച്ചിരുന്നു. ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവകാലത്ത് എൽ.പി.ജി വില കൂട്ടിയത് ഹോട്ടൽ-റെസ്റ്റോറന്റ് ഉടമകൾക്കും മറ്റ് ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയാകും.
ഭക്ഷണ സാധനങ്ങളുടെ വില വർധിക്കാൻ ഇത് ഇടയാക്കുമെന്നതിനാൽ സാധാരണക്കാരെയും വിലക്കയറ്റം പരോക്ഷമായി ബാധിക്കും. ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് വർധിച്ചത്.
ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ നിരക്ക് 2,820 രൂപയാണ്.






