
ന്യൂഡൽഹി: രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും ഇടയിൽ ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ ഗെയിൻ നികുതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അതേസമയം പെട്രോൾ കയറ്റുമതിക്കുള്ള നികുതി പൂർണമായും ഒഴിവാക്കി. ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ അടുത്ത രണ്ട് ആഴ്ചത്തേക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
ധനമന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം വിമാന ഇന്ധന കയറ്റുമതിക്കുള്ള സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED) ലിറ്ററിന് 10.50 രൂപയിൽ നിന്ന് 11 രൂപയായി ചെറിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഡീസൽ കയറ്റുമതി നികുതിയിലാണ് കാര്യമായ വർദ്ധനവ് വരുത്തിയത്. ഡീസലിന്റെ എസ്എഇഡിയും റോഡ്- ഇൻഫ്രാസ്ട്രക്ചർ സെസും ചേർത്ത് ലിറ്ററിന് 8.50 രൂപയായിരുന്നത് 11.50 രൂപയായാണ് കൂട്ടിയത്. പെട്രോൾ കയറ്റുമതി നികുതി ലിറ്ററിന് 2.50 രൂപയിൽ നിന്ന് പൂജ്യമായാണ് കുറച്ചത്.
ആഭ്യന്തര വിപണിയിൽ വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും നിലവിലുള്ള നികുതി നിരക്കുകളിൽ യാതൊരു മാറ്റവുമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഈ മാറ്റം ബാധകമാകുന്നത്.






