
ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ യോഗ്യതയില്ലാത്ത ഡയറക്ടർമാരെ ബോർഡിൽ നിന്ന് ഒഴിവാക്കുന്നതിന്റെ നടപടിക്രമം കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. 1966ലെ ബാങ്കിങ് റെഗുലേഷൻ (സഹകരണ സൊസൈറ്റി) ചട്ടത്തിലാണ് ഭേദഗതി. ഇന്നലെ പുതുക്കിയ ചട്ടം പ്രാബല്യത്തിലായി. 1949ലെ ബാങ്കിങ് റെഗുലേഷൻ നിയമമനുസരിച്ചുള്ള യോഗ്യതകളില്ലാത്ത ഡയറക്ടർമാരെ നീക്കം ചെയ്യുന്നത് നറുക്കിട്ടായിരിക്കും.
നിയമമനുസരിച്ച് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മൊത്തം അംഗങ്ങളിൽ 51% പേരെങ്കിലും നിർദിഷ്ട മേഖലകളിൽ പ്രത്യേക പരിജ്ഞാനമോ പ്രായോഗിക പരിചയമോ ഉള്ളവരായിരിക്കണം.
അക്കൗണ്ടൻസി, കൃഷിയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും, ബാങ്കിങ്, സഹകരണം, സാമ്പത്തികശാസ്ത്രം, നിയമം, ചെറുകിട വ്യവസായം തുടങ്ങിയവയാണ് മേഖലകൾ. ഇതിനു പുറമേ ഡയറക്ടർമാർക്ക് വലിയ കമ്പനികളിൽ നിക്ഷേപം, അവിടെ ജോലി, നടത്തിപ്പ് തുടങ്ങിയവയും പാടില്ല. ഈ വ്യവസ്ഥകൾ പാലിക്കാത്തവരെ യോഗ്യതയില്ലാത്ത ഡയറക്ടർമാരായി കണക്കാക്കുമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നു. യോഗ്യതയില്ലാത്ത എത്ര ഡയറക്ടർമാരെയാണ് നീക്കം ചെയ്യേണ്ടതെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സും റിസർവ് ബാങ്കും ആദ്യം നിർണയിക്കും.
ബോർഡ് പുനഃസംഘടിപ്പിക്കുമ്പോഴൊ, ബോർഡിന്റെ ഘടനയിൽ റിസർവ് ബാങ്ക് മാറ്റം വരുത്തുമ്പോഴൊ ആണ് നറുക്കെടുപ്പ്. ഡയറക്ടർമാരുടെ സേവനകാലാവധിയനുസരിച്ച് ഗ്രൂപ്പുകളായി ഇവരെ തിരിക്കും. രണ്ടോ അതിലേറെയോ ഗ്രൂപ്പുകളുണ്ടെങ്കിൽ അതിൽ സേവനകാലാവധി ഏറ്റവും കുറവുള്ള ഗ്രൂപ്പിനെ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കും.






