
രാജ്യത്തെ ആദ്യ എട്ടു വരി തുരങ്കപ്പാത നാളെ തുറന്നുകൊടുക്കും. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ ഏറ്റവും നിര്‍ണായകമായ ഈ തുരങ്കപ്പാത ഒരു കടുവ സങ്കേതത്തിന് അടിയിലൂടെയാണ് പോവുന്നതെന്ന സവിശേഷതയുമുണ്ട്. തുരങ്കം യാഥാര്‍ഥ്യമാവുന്നതോടെ ഡല്‍ഹിയും മുംബൈയും തമ്മില്‍ റോഡ് മാര്‍ഗമുള്ള യാത്രാസമയം ഗണ്യമായി കുറയുകയും ചെയ്യും.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും കോര്‍ത്തിണക്കിയ എന്‍ജിനീയറിങ് അ്ഭുതമായാണ് ഈ തുരങ്കപാത വിശേഷിപ്പിക്കപ്പെടുന്നത്. രാജസ്ഥാനിലെ കോട്ടക്ക് സമീപത്തെ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വിന് അടിയിലൂടെയാണ് ഈ തുരങ്കപാത നിര്‍മിച്ചിരിക്കുന്നത്.
കടുവ സങ്കേതത്തിന് അടിയിലൂടെ കടന്നുപോവുന്ന ഈ ഇരട്ടക്കുഴല്‍ തുരങ്കത്തിന് 4.9 കിലോമീറ്റര്‍ നീളമുണ്ട്. പരിസ്ഥിതി ലോല പ്രദേശമായ മുകുന്ദ്ര ഹില്‍സ് ടൈഗര്‍ റിസര്‍വിന് താഴെക്കൂടിയാണ് ഇത് കടന്നുപോവുന്നത്. അതുകൊണ്ടുതന്നെ വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് യാതൊരു തടസവുമുണ്ടാവില്ല.
സുരക്ഷാ പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കി ജൂണ്‍ 20ഓടെ തുരങ്കം പൂര്‍ണമായും തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായ ഡല്‍ഹി- വഡോദര സെക്ഷനിലാണ് ഈ തുരങ്കം ഉള്‍പ്പെടുന്നത്. ഏറെ പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന ഈ പദ്ധതി 2019ലാണ് തുടക്കമായത്.
തുരങ്കപാത പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാവുന്നതോടെ ഡല്‍ഹിക്കും മുംബൈക്കും ഇടയിലെ യാത്രാ സമയം വലിയ തോതില്‍ കുറയും. കോട്ട മേഖലയിലൂടെയുള്ള യാത്രയും കൂടുതല്‍ സുഗമമാവും. ഇതുവരെ കോട്ട മേഖലയിലൂടെ കടന്നുപോയിരുന്ന വാഹനങ്ങള്‍ മുകുന്ദ്ര മലനിരകളിലെ വളഞ്ഞു പുളഞ്ഞ റോഡുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്.
പുതിയ തുരങ്കപാത വന്നതോടെ യാത്ര എളുപ്പവും സുരക്ഷിതവുമായി മാറും. ഗതാഗതക്കുരുക്കുകളില്‍ പെടാതെ ദുര്‍ഘട മലമ്പാതകളെ ആശ്രയിക്കാതെയുള്ള യാത്രയില്‍ വാഹനങ്ങളുടെ ഇന്ധനക്ഷമതയും വര്‍ധിക്കും.
യാത്രാക്ലേശം കുറയുന്നതു മാത്രമല്ല രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കോട്ട, ബുന്ദി, രണ്‍ഥാംബോര്‍ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് പുതിയ പാതയുടെ വരവോടെ വര്‍ധിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
രാജസ്ഥാനിലെ കോട്ട വിവിധ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അതിനപ്പുറം മനോഹരമായ ചമ്പല്‍ നദിയും ചരിത്രപ്രസിദ്ധങ്ങളായ കോട്ടകളും കൊട്ടാരങ്ങളും കല്‍കിണററുകളും വന്യജീവി സങ്കേതങ്ങളുമെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഡല്‍ഹി-മുംഹൈ എക്‌സ്പ്രസ് വേയിലെ ഈ തുരങ്കപ്പാതയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഇത് പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യമാണ്. ഒരു കടുവ സങ്കേതത്തിലൂടെ വന്യമൃഗങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസമുണ്ടാക്കാത്തവിധം ദേശീയപാത നിര്‍മിക്കുകയെന്നത് എന്‍ജിനീയര്‍മാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.
ഈ വെല്ലുവിളിക്കുള്ള പരിഹാരമായാണ് ഭൂഗര്‍ഭ തുരങ്ക പാത ഒരുങ്ങിയത്. തുരങ്കപാതക്കുള്ളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്.






