ന്യൂഡല്‍ഹി: മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായി കേന്ദ്ര സർക്കാർ.
നവംബർ 14 വരെയുള്ള കണക്കനുസരിച്ച്, തക്കാളിയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 52.35 രൂപയായിരുന്നു. ഒക്ടോബർ 14-ന് കിലോയ്ക്ക് 67.50 രൂപ ഉണ്ടായിരുന്നതില്‍ നിന്നാണ് ഈ കുറവുണ്ടായിരിക്കുന്നത്.
ഡല്‍ഹിയിലെ മൊത്തവിപണയില്‍ 50 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയിലെ ആസാദ്പുർ മാർക്കറ്റില്‍ ക്വിന്റലിന് 5883 രൂപ ഉണ്ടായിരുന്നത് 2969 രൂപ ആയെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ മറ്റു പ്രധാന മാർക്കറ്റുകളിലും സമാനമായ വിലയിടിവാണ് ഉണ്ടായിട്ടുള്ളത്.
2022-23 വർഷത്തില്‍ 204.25 ലക്ഷം ടണ്ണാണ് രാജ്യത്തെ തക്കാളി ഉത്പാദനം. ഇതില്‍ നിന്ന് നാലു ശതമാനം വർധനയോടെ 2023-24ല്‍ 213.20 ലക്ഷം ടണ്‍ തക്കാളി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രാപ്രദേശിലും കർണാടകയിലും നീണ്ടുനിന്ന മഴ വിളകളെ ബാധിച്ചതാണ് ഒക്ടോബറിലെ വിലക്കയറ്റത്തിന് കാരണം.
എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വരവോടെ വിതരണം മെച്ചപ്പെട്ടതായാണ് സർക്കാർ വൃത്തങ്ങള്‍ പറയുന്നത്.
അനുകൂലമായ കാലാവസ്ഥ ഇപ്പോള്‍ ഉള്ളതിനാല്‍ തക്കാളി വിതരണ ശൃംഖല സുഗമമായി പ്രവർത്തിക്കുന്നതായും സർക്കാർ അറിയിച്ചു.