
ന്യൂഡൽഹി: രാജ്യത്തെ ഏതാനും വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ.
അസറ്റ് മോണിറ്റൈസേഷനിൽനിന്ന് ( ആസ്തി പണമാക്കൽ) വരുമാനം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ 13 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉൗർജിതമാക്കിയത്.
2026 സാമ്പത്തിക വർഷാവസാനത്തോടെ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമാല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ദേശീയ ധനസമ്പാദന പദ്ധതിയുടെ രണ്ടാം ഗഡുവായി 10 ലക്ഷം കോടി രൂപയുടെ ആസ്തികൾ പണമാക്കുമെന്ന് പറഞ്ഞിരുന്നു.
നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈനു കീഴിൽ 2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ അസറ്റ് മോണിറ്റൈസേഷനായി മൊത്തം 25 വിമാനത്താവളങ്ങൾ കേന്ദ്ര സർക്കാർ നീക്കിവച്ചിട്ടുണ്ട്.
2021ൽ ബിജെപി സർക്കാരിനു കീഴിൽ രണ്ടാംഘട്ട വിമാനത്താവള സ്വകാര്യവത്കരണത്തിനായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) 13 വിമാനത്താവളങ്ങളുടെ പേരുകൾ അംഗീകരിച്ചു.
എന്നാൽ റായ്പുർ, ഇൻഡോർ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ മധ്യപ്രദേശ് സർക്കാർ നിലപാടെടുത്തതോടെ 11 എണ്ണമാക്കി ചുരുക്കി.