
മുംബൈ: ടാറ്റ ഗ്രൂപ്പിലെ അധികാരത്തർക്കം വീണ്ടും കോടതി കയറുന്നു. ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകിയ തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് ബോബൈ ഹൈക്കോടതിയെ സമീപിച്ചു. ഇതിനായുള്ള പ്രമേയത്തിന് സർ ദൊറാബ്ജി ട്രസ്റ്റ്, ആർ.ഡി. ടാറ്റ ട്രസ്റ്റ് യോഗങ്ങൾ അംഗീകാരം നൽകി.
ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്ന് നിയമനം നൽകിയതാണ് തർക്കത്തിനു കാരണം. നിയമനത്തിനു ടാറ്റയുടെ ഭരണഘടന പ്രകാരമുള്ള അനുമതി തേടിയിട്ടില്ലെന്നും കാസ്റ്റിങ് വോട്ട് പ്രയോഗിച്ചതു നിയമവിരുദ്ധമാണെന്നുമാണ് നോയലിന്റെ വാദം. ടാറ്റ സൺസിന്റെ അടുത്ത യോഗത്തിൽ സമാനമായ തീരുമാനങ്ങളുണ്ടാകാനുള്ള സാധ്യത തടയാൻ കൂടിയാണ് നീക്കം.
സെപ്റ്റംബർ 17നു നടന്ന ടാറ്റ സൺസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള തീരുമാനമായത്. ഇതിനെ വേണു ശ്രീനിവാസൻ അനുകൂലിച്ചപ്പോൾ നോയൽ എതിർത്തു. എന്നാൽ യോഗത്തിൽ അധ്യക്ഷനായ ഹരിഷ് മൻവാനി കാസ്റ്റിങ് വോട്ടു ചെയ്ത് നിയമനത്തിന് അംഗീകാരം നൽകി. ഇത് നിയമവിരുദ്ധമാണെന്നാണ് ടാറ്റ ട്രസ്റ്റ്സിന്റെ വാദം.
രണ്ട് ട്രസ്റ്റ് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ കാസ്റ്റിങ് വോട്ട് ഉപയോഗിക്കുന്നത് ടാറ്റയുടെ ഭരണഘടന പ്രകാരം നിയമവിരുദ്ധമാണ്. നവംബർ 30നു നടക്കാനിരിക്കുന്ന ടാറ്റ സൺസ് യോഗത്തിൽ കാസ്റ്റിങ് വോട്ട് പ്രയോഗിക്കുന്നതു വിലക്കണമെന്നും ടാറ്റ ട്രസ്റ്റ്സ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ യോഗത്തിലെ ചട്ടലംഘനവും അതുമൂലം നേരിട്ട നഷ്ടങ്ങളും ചൂണ്ടിക്കാട്ടി ടാറ്റാ സൺസിന്റെ ഡയറക്ടർമാർ 65 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ട്രസ്റ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. 18% പലിശ പുറമേയും.
നിർണായക യോഗം 30ന്
ടാറ്റ സൺസിന്റെ നിർണായക ഡയറക്ടർ ബോർഡ് യോഗം ഈ മാസം 30നു നടക്കും. ഏഴു ദിവസം മുൻപെങ്കിലും അജൻഡ അറിയിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന നോയലിന്റെ എതിർപ്പിനെ തുടർന്നു 26നു നടക്കേണ്ട യോഗം 30ലേക്കു മാറ്റിയിരുന്നു.
അജൻഡ നാലു ദിവസം മുൻപു മാത്രം നൽകിയതിനെതിരെ നവംബർ 22നാണു നോയൽ കത്തിലൂടെ എതിർപ്പ് അറിയിച്ചത്. ഡയറക്ടർമാർക്ക് ആവശ്യത്തിനു സമയം നൽകുന്നതിനാണു യോഗം നീട്ടിയതെന്നും അജൻഡയിൽ മാറ്റമില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന റിസർവ് ബാങ്കിന്റെ ആവർത്തിച്ചുള്ള നിർദേശം യോഗം ചർച്ച ചെയ്യും.
നീക്കം ഐപിഒ തടയാൻ?
നോയലിന്റെ എതിർപ്പു മറികടന്ന് ചന്ദ്രശേഖരനെ നിയമിച്ച മാതൃകയിൽ അടുത്ത യോഗത്തിൽ ടാറ്റ സൺസിന്റെ പ്രാരംഭ ഓഹരി വിൽപനയിലേക്കുള്ള (ഐപിഒ) തീരുമാനവും ഡയറക്ടർ ബോർഡ് എടുക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
നിലവിൽ ടാറ്റയുടെ ഭരണഘടന പ്രകാരം ടാറ്റ സൺസിന്റെ ഓഹരി കൈമാറ്റത്തിനും പുതിയ ഓഹരി ഉടമകളെ ചേർക്കുന്നതിനും വിലക്കുണ്ട്. പൊതുജനങ്ങൾക്ക് കമ്പനിയിൽ നിക്ഷേപകരാകാനും കഴിയില്ല. ഈ രണ്ട് വ്യവസ്ഥകളും തിരുത്തിയാൽ മാത്രമേ ഐപിഒയിലേക്ക് നീങ്ങാൻ കഴിയൂ. ഇതു തടയാനാണ് ട്രസ്റ്റുകൾ കോടതിയിലേക്ക് നീങ്ങിയതെന്നാണ് കരുതുന്നത്.






