ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

മികച്ച സംരംഭങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം; വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് പുരസ്കാരം നല്‍കുന്നു.

2023 ലെ സംസ്ഥാന പുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള പോര്‍ട്ടല്‍ (http://awards.industry.kerala.gov.in) വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

സംരംഭങ്ങള്‍ക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭങ്ങളെ അംഗീകരിക്കുന്നതിലൂടെ മറ്റുള്ള സംരംഭങ്ങള്‍ക്ക് മികവിനായി പരിശ്രമിക്കാനുള്ള പ്രചോദനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, അഡീഷണല്‍ ഡയറക്ടര്‍മാരായ രാജീവ് ജി., ഡോ. കെ.എസ്. കൃപകുമാര്‍, ജോയിന്‍റ് ഡയറക്ടര്‍മാരായ സിമി സി.എസ്, രാകേഷ് വി.ആര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംരംഭങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാര്‍ജ് ആന്‍ഡ് മെഗാ വിഭാഗത്തില്‍ ഉത്പാദന, സേവന, വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, കയറ്റുമതി അധിഷ്ടിത സംരംഭങ്ങള്‍, ഉത്പാദന സ്റ്റാര്‍ട്ടപ്പുകള്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ട്രാന്‍സ് ജെന്‍ഡര്‍ സംരംഭങ്ങള്‍ എന്നിവയ്ക്ക് പുരസ്കാരങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡും നല്‍കും. 2021-22 സാമ്പത്തിക വര്‍ഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സംരംഭങ്ങളെ തിരഞ്ഞെടുക്കുക.

സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും. സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി മികച്ച ഏകോപനത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളും വ്യവസായ വകുപ്പും പ്രവര്‍ത്തിക്കുന്നത്.

വ്യവസായ വകുപ്പില്‍ നിന്നുള്ള എന്‍റര്‍പ്രൈസ് ഡവലപ്മെന്‍റ് എക്സിക്യുട്ടീവ് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും സംരംഭക ഹെല്‍പ്പ്ഡെസ്ക്ക് തുടങ്ങുകയും ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പരമാവധി സംരംഭങ്ങള്‍ തുടങ്ങാനുള്ള ഏകോപനം നടത്തുകയും അതുവഴി 1,39,000 സംരംഭങ്ങള്‍ ആരംഭിക്കാനുമായി.

മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും പുരസ്കാരം നല്‍കും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹമായ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുന്നത്.

നിക്ഷേപങ്ങള്‍, വാര്‍ഷിക വിറ്റുവരവ്, ലാഭം, കയറ്റുമതി, തൊഴിലാളികളുടെ എണ്ണം, ലഭിച്ച സര്‍ട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങള്‍, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച സംരംഭങ്ങളെ തെരഞ്ഞെടുക്കുക.

ജില്ലാ തലത്തിലും തദ്ദേശ തലത്തിലും രൂപീകരിക്കപ്പെട്ട സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, വ്യവസായ പാര്‍ക്കുകളുടെ വിവരങ്ങള്‍, മറ്റു പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും തിരഞ്ഞെടുക്കുന്നത്.

X
Top