Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

കേരളത്തിൽ ഏറ്റവുമധികം വരുമാനം എറണാകുളത്തുകാർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ആളുകളുള്ളത് എറണാകുളം ജില്ലയിൽ. രണ്ടാം സ്ഥാനത്ത് ഒരു ‘അപ്രതീക്ഷിത’ താരമാണ്. മലബാറിലെ ജില്ലകളാകട്ടെ പൊതുവേ പിൻനിരയിലും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽവച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്ക് തന്നെ. 2024–25 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലക്കാരുടെ ആളോഹരി വരുമാനം 2.61 ലക്ഷം രൂപയാണ്. തൊട്ടുമുന്‍ വർഷമിത് 2.45 ലക്ഷം രൂപയായിരുന്നു. ഒരു വർഷത്തിനുള്ളിൽ 6.5 ശതമാനം വര്‍ധിച്ചു.

വൻകിട വ്യവസായങ്ങളും ഐടി പാർക്കുകളുമുള്ളതാണ് എറണാകുളത്തെ വരുമാനം വർധിക്കാൻ കാരണം. സംസ്ഥാനത്തെ ജനങ്ങളുടെ ഒരു വർഷത്തെ ശരാശരി വരുമാനമാണ് ആളോഹരി വരുമാനം. സംസ്ഥാനതലത്തിൽ ഇത് 1.90 ലക്ഷം രൂപയാണ്.

ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 2.59 ലക്ഷം രൂപ. കൊല്ലം (2.4 ലക്ഷം രൂപ), കോട്ടയം (2.31 ലക്ഷം രൂപ), തൃശൂർ (2.11 ലക്ഷം രൂപ), ഇടുക്കി (2.05 ലക്ഷം രൂപ), തിരുവനന്തപുരം (1.97 ലക്ഷം രൂപ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.

മലപ്പുറം ജില്ലയാണ് ആളോഹരി വരുമാനത്തിൽ ഏറ്റവും പിന്നിൽ 1.18 ലക്ഷം രൂപയാണ് ഓരോ മലപ്പുറത്തുകാരന്‍റെയും ആളോഹരി വരുമാനം. 1.28 ലക്ഷം രൂപയുമായി വയനാടും 1.49 ലക്ഷം രൂപയുമായി കാസർഗോഡും യഥാക്രമം 13,12 സ്ഥാനങ്ങളിലുണ്ട്.

വടക്കൻ ജില്ലകളിൽ കുറവ്
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കുറവാണെന്നും കണക്കുകൾ പറയുന്നു. ഇതിൽ ആറെണ്ണവും വടക്കൻ കേരളത്തിലാണ്. തെക്കോട്ട് വരുമ്പോൾ പത്തനംതിട്ടയിൽ മാത്രമാണ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ആളോഹരി വരുമാനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം 12–ാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ട ഇക്കുറി പത്താമതെത്തി. മധ്യ–തെക്കൻ ജില്ലകളിലെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നും കണക്കുകൾ പറയുന്നു.

X
Top