
കൊച്ചി: സാമ്പത്തിക വർഷത്തിലെ (2025-26) ആദ്യ പാദത്തിൽ 321.95 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.46 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 294.13 കോടി രൂപയായിരുന്നു.
ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 2,02,119 കോടി എന്ന ചരിത്ര നേട്ടത്തിലെത്തി. ബാങ്കിന്റെ പ്രവർത്തന ലാഭം 672.20 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 507.68 കോടി രൂപയായിരുന്നു. 32.41 ശതമാനമാണ് വളർച്ച.
മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.50 ശതമാനത്തില്‍ നിന്നും 135 പോയിന്റുകൾ കുറച്ച് 3.15 ശതമാനമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 76 പോയിന്റുകൾ കുറച്ച് 1.44 ശതമാനത്തില്‍ നിന്നും 0.68 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു.
എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 960 പോയിന്റുകൾ വർധിച്ച് 88.82 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 988 പോയിന്റുകൾ വർധിച്ച് 78.93 ശതമാനമായി.
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.65 ശതമാനം വളർച്ചയോടെ 1,09,368 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 7.27 ശതമാനം വര്‍ധിച്ച് 32,293 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 30,103 കോടി രൂപയായിരുന്നു. കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപം 9.06 ശതമാനം വളർച്ചയോടെ 36,204 കോടി രൂപയിലെത്തി.
മൊത്ത വായ്പാ വിതരണം 8 ശതമാനം വളര്‍ച്ച കൈവരിച്ച് 82,580 കോടി രൂപയിൽ നിന്നും 89,198 കോടി രൂപയായി ഉയർന്നു. വ്യക്തിഗത വിഭാഗത്തിലുള്ള വായ്പകൾ 26 ശതമാനം വാർഷിക വളർച്ച നേടി 24,222 കോടി രൂപയിലെത്തി.
സ്വർണ വായ്പകൾ 16,317 കോടി രൂപയിൽ നിന്ന് 17,446 കോടി രൂപയായി. 7 ശതമാനമാണ് വാർഷിക വളർച്ച. ഭവനവായ്പ 66 ശതമാനം വാർഷിക വളർച്ചയോടെ 8,518 കോടി രൂപയിലെത്തി. വാഹന വായ്പ 27 ശതമാനം വാർഷിക വളർച്ചയോടെ 2,217 കോടി രൂപയിലെത്തി.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ. ജൂൺ 30ലെ കണക്കുപ്രകാരം ബാങ്കിന്റെ ക്യാപിറ്റൽ-ടു-റിസ്ക് വെയ്റ്റഡ് അസറ്റ് റേഷ്യോ (CRAR) 19.48 ശതമാനമായി തുടരുന്നു.






