
കോട്ടയം: റബ്ബർ ഉത്പാദനത്തില്‍ മുൻസാമ്പത്തിക വർഷത്തെക്കാള്‍ നേരിയ വർധന. അതേസമയം, സാധാരണ റബ്ബറിന്റെയും കോബൗണ്ട് റബ്ബറിന്റെയും ഇറക്കുമതിയില്‍ വൻ കുതിച്ചുചാട്ടവും.
2024-25 സാമ്പത്തികവർഷം ഉത്പാദനത്തില്‍ 2.1 ശതമാനമാണ് വർധനയെങ്കില്‍ ഇറക്കുമതിയില്‍ 11.8 ശതമാനമാണ് കയറ്റം. കോബൗണ്ട് റബ്ബറിന്റെ ഇറക്കുമതിയിലുണ്ടായ കുതിപ്പാണ് കാർഷികമേഖലയില്‍ ആശങ്കയേറ്റുന്നത്. 44.5 ശതമാനമാണ് വർധന. 2.45 ലക്ഷം ടണ്ണാണ് കോബൗണ്ട് റബ്ബർ ഇറക്കുമതി.
ഇറക്കുമതിയുടെ കാരണം, പ്രശ്നം
വർഷം 7000 കോടിരൂപയുടെ റബ്ബർ ഇറക്കുമതിയാണ് രാജ്യത്ത് നടക്കുന്നത്. ഉത്പാദനവും ഉപഭോഗവും തമ്മില്‍ 5.35 ലക്ഷം ടണ്ണിന്റെ വ്യത്യാസമാണുള്ളത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നത് ഈ വിടവ് നികത്താൻ ലക്ഷ്യമിട്ടാണ്. പക്ഷേ, തദ്ദേശീയ ചരക്കെടുക്കാതെ അന്താരാഷ്ട്ര വിപണിയില്‍ വില കൂടി നില്‍ക്കുമ്പോഴും ടയർ കമ്പനികള്‍ ഇറക്കുമതി നടത്തുന്നത് കൃഷിക്കാർക്ക് ദോഷം ചെയ്യും.
റബ്ബറിനൊപ്പം കാർബണും മറ്റും ചേർത്ത കോബൗണ്ട് റബ്ബറിന്റെ വൻവരവും കൃഷിക്കാർക്ക് ദോഷം ചെയ്യും.
അസിയാൻ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് പൂജ്യം മുതല്‍ അഞ്ചുശതമാനം വരെ മാത്രമേ ഇറക്കുമതിച്ചുങ്കമുള്ളൂ എന്നതിനാല്‍ അവിടെനിന്ന് വൻതോതില്‍ കോബൗണ്ട് റബ്ബർ എത്തുന്നുണ്ട്.