
മുംബൈ: മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തിന്റെ പങ്ക് റെക്കോഡ് നിലവാരത്തില്‍ എത്തി. മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയുടെ 16.5 ശതമാനം എസ്‌ഐപി ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന തുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ എസ്‌ഐപി ഫണ്ടുകള്‍ക്കുള്ള പങ്ക് രണ്ട് ശതമാനം വര്‍ധിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാവുകയും ചെയ്‌തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എസ്‌ഐപി അക്കൗണ്ടുകളുടെ ആസ്‌തിയില്‍ പ്രതിവര്‍ഷം ശരാശരി 29 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഇക്കാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തിയില്‍ 14 ശതമാനം വളര്‍ച്ചയുമുണ്ടായി. എസ്‌ഐപി വഴിയുള്ള നിക്ഷേപം വര്‍ധിച്ചതാണ് എസ്‌ഐപി അക്കൗണ്ടുകളുടെ ആസ്‌തിയില്‍ വളര്‍ച്ചയുണ്ടായതിന് പ്രധാന കാരണം.
12,976 കോടി രൂപയാണ് സെപ്‌റ്റംബറില്‍ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. ഇത് ഒരു മാസത്തിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എസ്‌ഐപി നിക്ഷേപമാണ്.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ എസ്‌ഐപി വഴിയുണ്ടായ നിക്ഷേപം 1.42 ലക്ഷം കോടി രൂപയാണ്.
അതിന് മുമ്പുള്ള 12 മാസത്തെ നിക്ഷേപം 96,000 കോടി ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഒരു എസ്‌ഐപി അക്കൗണ്ടിലെ ശരാശരി പ്രതിമാസ നിക്ഷേപം 2200-2300 രൂപയാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) അക്കൗണ്ടുകളിലെ ആസ്‌തി 6.35 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 5.84 ലക്ഷം കോടിയായി.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 74,234 കോടി രൂപയാണ് എസ്‌ഐപി വഴിയുള്ള നിക്ഷേപം. ഏപ്രില്‍ ഒഴികെയുള്ള എല്ലാ മാസവും 12,000 കോടിയിലേറെ തുക വീതം നിക്ഷേപിക്കപ്പെട്ടു. അടുത്ത മാസങ്ങളില്‍ പ്രതിമാസ എസ്‌ഐപി നിക്ഷേപം 13,000 കോടിക്ക് മുകളിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.