
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റയില്‍ നിന്ന് വീണ്ടുമൊരു പ്രാരംഭ ഓഹരി വില്‍പ്പന വരുന്നു. ടാറ്റ ക്യാപിറ്റലിനെ ഓഹരി വിപണിയിലെത്തിക്കാന്‍ സെബിയുടെ പ്രാരംഭ അനുമതി ലഭിച്ചു.
ഐ.പി.ഒ വഴി 17,200 കോടി രൂപയാണ് ടാറ്റ ക്യാപിറ്റല്‍ സമാഹരിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം കമ്പനി സെബിക്ക് അപേക്ഷ (RHP) സമര്‍പ്പിക്കും.
ഈ ഐ.പി.ഒയോടെ കമ്പനിയുടെ മൂല്യം 1,100 കോടി ഡോളര്‍ (11 ബില്യണ്‍ ഡോളര്‍) ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.
പുതു ഓഹരികളും നിലവിലുള്ള ചില ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലും (OFS) ഐ.പി.ഒയിലുണ്ടാകും.
ഐ.പി.ഒ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2025 സെപ്റ്റംബറോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. റിസര്‍വ് ബാങ്ക് എന്‍.ബി.എഫ്.സികളുടെ ലിസ്റ്റിംഗ് സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തിലെ നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ക്യാപിറ്റലിന്റെ പബ്ലിക് ഇഷ്യു.
ടാറ്റ സണ്‍സിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ടാറ്റ ക്യാപിറ്റലിനെ 2022 സെപ്റ്റബറിലാണ് അപ്പര്‍ ലയര്‍ എന്‍.ബി.എഫ്.സിയായി തരം തിരിച്ചത്. റിസര്‍വ് ബാങ്കിന്റെ നിബന്ധനയനുസരിച്ച് അപ്പര്‍ ലയര്‍ വിഭാഗത്തിലേക്ക് മാറ്റി മൂന്ന് വര്‍ഷത്തിനകം സ്റ്റോക്ക് എക്‌സിചേഞ്ചില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിസ്റ്റിംഗ് നടത്തിയിരുന്നു. ഈ ഓഹരി 135 ശതമാനം നേട്ടത്തോടെയാണ് ലിസ്റ്റ് ചെയ്തത്.
ഇതിനിടെ ഐ.പി.ഒയ്ക്ക് മുമ്പായി ടാറ്റ ക്യാപിറ്റല്‍ അവകാശ ഓഹരികളിലൂടെയും നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളിലൂടെയും മൂലധന സമാഹരണം നടത്താന്‍ പരിഗണിക്കുന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ജൂണ്‍ 26നാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.
2023 നവംബറില്‍ ലിസ്റ്റ് ചെയ്ത ടാറ്റ ടെക്‌നോളജീസിനു ശേഷം ടാറ്റ ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ നടക്കുന്ന രണ്ടാമത്തെ പബ്ലിക് ഇഷ്യു ആണ് ടാറ്റ ക്യാപിറ്റലിന്റേത്. അതുകൊണ്ട് തന്നെ നിക്ഷേപകര്‍ ഉറ്റുനോക്കുന്നൊരു ഐ.പി.ഒ ആയിരിക്കുമിത്.
ടാറ്റ ടെക്‌നോളജീസ് ഐ.പി.ഒയും വളരെ നിക്ഷേപ ശ്രദ്ധനേടിയതായിരുന്നു. ഐ.പി.ഒ വിലയായ 500 രൂപയേക്കാള്‍ 140 ശതമാനം ഉയര്‍ന്ന വിലയിലായിരുന്നു ലിസ്റ്റിംഗ്. വ്യാപാരം തുടങ്ങിയത് 1,200 രൂപയിലും. പക്ഷെ പിന്നീട് ആ പ്രകടനം തുടരാന്‍ ഓഹരിക്ക് സാധിച്ചില്ല.
നിലവില്‍ ലിസ്റ്റിംഗ് വിലയേക്കാള്‍ 40 ശതമാനത്തിലധികം താഴെയാണ് ഓഹരിയുടെ വ്യാപാരം. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ നിക്ഷേപകര്‍ക്ക് 21.19 ശതമാനം നഷ്ടവുമുണ്ടാക്കി ഓഹരി.
ടാറ്റ ഗ്രൂപ്പിന്റെ എന്‍ജിനീയറിംഗ് കമ്പനിയായ ടാറ്റ പ്രോജക്ട്‌സിന്റെ ലിസ്റ്റിംഗ് അടുത്ത 12-18 മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഈ വര്‍ഷമാദ്യം കമ്പനി സൂചിപ്പിച്ചിരുന്നു.