
മോസ്കൊ: രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിവിലേക്ക് നീങ്ങുന്നതിനിടെ സെപ്റ്റംബറിൽ 6200 കിലോ സ്വർണം വിറ്റൊഴിവാക്കി റഷ്യ. കേരളത്തിലെ ഇന്നലത്തെ സ്വർണ വില അനുസരിച്ച് ഏകദേശം 82,000 കോടി രൂപ വില വരുന്ന സ്വർണമാണിത്. ഇതോടെ റഷ്യയുടെ സ്വർണശേഖരം 2264 ടണ്ണായി കുറഞ്ഞതായും ബാങ്ക് ഓഫ് റഷ്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.
2019നു ശേഷം സ്വർണശേഖരം ഇത്രയും താഴുന്നത് ഇതാദ്യം. തുടർച്ചയായ പത്താം മാസമാണ് റഷ്യയുടെ സ്വർണവിൽപന. ചൈന അടക്കമുള്ള രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടുന്നതിനിടെയാണ് റഷ്യയുടെ നീക്കമെന്നതും ശ്രദ്ധേയം.
2022ൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. യുദ്ധത്തിൽ റഷ്യയുടെ പ്രതിരോധ ചെലവുകൾ ഗണ്യമായി വർധിച്ചു. ബജറ്റിന്റെ 38 ശതമാനവും പ്രതിരോധ ആവശ്യങ്ങൾക്കാണ് നിലവിൽ മാറ്റിവയ്ക്കുന്നത്. ഇതോടെ ബജറ്റ് കമ്മി പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയായി.
ഇത് പരിഹരിക്കാൻ കൂടിയാണ് വിൽപന. ഡിസംബർ 2025നു ശേഷം 62 ടൺ സ്വർണം റഷ്യ വിറ്റൊഴിവാക്കിയെന്നാണ് കണക്ക്. ക്രൂഡോയിൽ വരുമാനം കുറഞ്ഞതും റഷ്യയെ വിൽപനയ്ക്കു പ്രേരിപ്പിച്ചെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
1998ലെ പ്രതിസന്ധിക്കു ശേഷം ഇതാദ്യം
ആധുനിക ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് റഷ്യ സമാനരീതിയിൽ സ്വർണവിൽപന നടത്തിയതെന്നും രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) കണക്ക് പറയുന്നു. 1998ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇതിനു മുൻപ് റഷ്യയുടെ റെക്കോർഡ് സ്വർണവിൽപന നടന്നത്.
അന്ന് കടുത്ത വിദേശനാണ്യ പ്രതിസന്ധി പരിഹരിക്കാനും സർക്കാർ കടപത്രങ്ങളിലെ കുടിശിക വീട്ടാനും മൂന്നു മാസത്തിനിടെ 118 ടൺ സ്വർണമാണ് റഷ്യ കരുതൽ ശേഖരത്തിൽ നിന്ന് വിറ്റത്. പിന്നീട് അക്കൊല്ലം തന്നെ റഷ്യ വലിയ തോതിൽ സ്വർണം വാങ്ങി. അതോടെ 1998ൽ സ്വർണശേഖരത്തിലുണ്ടായ വാർഷിക കുറവ് രേഖപ്പെടുത്തിയത് 50 ടൺ മാത്രമാണ്. 2026ൽ രേഖപ്പെടുത്തിയതിനേക്കാൾ കുറവാണിത്.
ഇതിനുശേഷം റഷ്യ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടി. 1990ൽ ഉണ്ടായിരുന്നതിനേക്കാൾ അഞ്ച് മടങ്ങു വരെ ഇതോടെ സ്വർണശേഖരമെത്തി. 2022ൽ 2300 ടൺ സ്വർണം റഷ്യയുടെ കൈവശമുണ്ടായിരുന്നു. ലോകത്തിലെ അഞ്ചാമത്തെ സ്വർണശേഖരമുള്ള രാജ്യമാകാനും ഇതോടെ റഷ്യയ്ക്ക് കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ 12 മാസങ്ങൾക്കിടെ റഷ്യയിൽ നിന്ന് ചൈനയിലേക്കുള്ള സ്വർണ കയറ്റുമതി വർധിച്ചതായും കണക്കുകൾ പറയുന്നു.






