കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം വൈകുന്നു ◆ ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆

ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വൻ ഡിമാൻഡ്; 100% കടന്ന് റീട്ടെയ്ൽ അപേക്ഷകൾ

ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ 30,230 കോടി രൂപയുടെ റെക്കോർഡ് ഐപിഒയ്ക്ക് രണ്ടാംദിവസവും വൻ ഡിമാൻഡ്. ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കായി നീക്കിവച്ച ഓഹരികൾക്ക് ഇന്നു രാവിലെയോടെ 100 ശതമാനത്തിലധികം അപേക്ഷകൾ ലഭിച്ചു.

ജിയോ ഐപിഒയ്ക്ക് ആകെ 3.5 മടങ്ങ് അപേക്ഷകൾ ലഭിച്ചു. ആകെ വിൽപനയ്ക്കുള്ളത് 19.75 കോടി ഓഹരികളാണ്. എന്നാൽ, 69.08 കോടി ഓഹരിക്കുള്ള ഡിമാൻഡ് ഇതിനകം ലഭിച്ചു.

യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള (ക്യുഐബി) ഓഹരികളിൽ അപേക്ഷ 9.42 മടങ്ങാണ്. 4.9 കോടി ഓഹരികളാണ് ഈ വിഭാഗത്തിലുള്ളത്. അപേക്ഷ ലഭിച്ചത് 46.15 കോടി ഓഹരികൾക്ക്. സ്ഥാപനേതര നിക്ഷേപകരിൽ (എൻഐഐ) നിന്ന് 2.42 മടങ്ങും റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് 1.02 മടങ്ങും അപേക്ഷകൾ ലഭിച്ചു. ജീവനക്കാർക്കുള്ള വിഭാഗത്തിൽ 1.61 മടങ്ങ്, ഓഹരി ഉടമകൾക്കുള്ള വിഭാഗത്തിൽ 2.06 മടങ്ങ് എന്നിങ്ങനെയുമാണ് അപേക്ഷകൾ ലഭിച്ചത്.

ഐപിഒയുടെ ലക്ഷ്യം 30,230 കോടി രൂപയാണെങ്കിൽ ആങ്കർ നിക്ഷേപകരിൽ നിന്നടക്കം ലഭിച്ച അപേക്ഷകൾ പരിഗണിച്ചാൽ മൊത്തം 3.2 ലക്ഷം കോടി രൂപയുടെ ഓഹരികൾക്ക് ഡിമാൻഡുണ്ട്. ലിസ്റ്റ് ചെയ്യുംമുൻ‌പുള്ള അനൗദ്യോഗിക വിപണിയായ ഗ്രേ മാർക്കറ്റിൽ‌ 246 രൂപ അധികമാണ് (ജിഎംപി/ഗ്രേ മാർക്കറ്റ് പ്രീമിയം) ജിയോ ഓഹരികളുടെ വില.

അതായത്, ഐപിഒയിലെ ഏറ്റവും ഉയർന്ന വിലയായ 1119 രൂപയേക്കാൾ 22% അധികം. ലിസ്റ്റ് ചെയ്യുമ്പോൾ നേട്ടം കിട്ടിയേക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. നാളെ (ഒക്ടോബർ 23) വരെയാണ് ഐപിഒ. ഒക്ടോബർ 28ന് ലിസ്റ്റ് ചെയ്യും.

100 മിനിറ്റിൽ 100 ശതമാനം
ജിയോ പ്ലാറ്റ്‌ഫോംസ് മിനിറ്റുകൾക്കുള്ളിൽ പൂർണ സബ്‌സ്‌ക്രിപ്‌ഷൻ നേടിയപ്പോൾ, രാജ്യത്തെ പല വലിയ ഐപിഒകൾക്കും ആദ്യദിനം താരതമ്യേന മങ്ങിയ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ, 2008ൽ വ്യാപാരം ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ തന്നെ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ട റിലയൻസ് പവറിനാണ് ഇക്കാര്യത്തിൽ റെക്കോർഡ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഇങ്ങനെ:
1.ജിയോ – ആദ്യദിനം 100 മിനിറ്റിനുള്ളിൽ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ആദ്യദിനം 3.16 മടങ്ങ് അപേക്ഷകർ.
2. ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് – 27,870 കോടി രൂപയുടെ ഐപിഒയിൽ ആദ്യ ദിനത്തിൽ ലഭ്യമായ ഓഹരികളുടെ 18 ശതമാനത്തിനു മാത്രം അപേക്ഷകരെത്തി.
3. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് – 22,569 കോടി രൂപയുടെ ഐപിഒയിൽ ആദ്യദിനത്തിൽ 42 ശതമാനത്തിന് ബിഡ്. മൂന്നാംദിനം 5.7 മടങ്ങ്.
4. എൽഐസി– 21,000 കോടി രൂപയുടെ ഐപിഒയിൽ ആദ്യ ദിനത്തിൽ 67% ഓഹരികൾക്ക് അപേക്ഷകൾ. ആകെ 2.95 മടങ്ങ്.
5. വൺ97 കമ്യൂണിക്കേഷൻസ് (പേടിഎം)– 18,300 കോടി രൂപയുടെ ഐപിഒയിൽ ആദ്യ ദിനത്തിൽ ലഭ്യമായ ഓഹരികളുടെ 18 ശതമാനത്തിന് മാത്രം അപേക്ഷകർ.
6. ടാറ്റ ക്യാപ്പിറ്റൽ ലിമിറ്റഡ് – 15,512 കോടിരൂപയുടെ ഐപിഒയിൽ ആദ്യ ദിനത്തിൽ 38% ഓഹരികൾക്ക് അപേക്ഷകർ.
7. കോൾ ഇന്ത്യ – 15,200 കോടി രൂപയുടെ ഐപിഒയ്ക്ക് ആദ്യ ദിനത്തിൽ ലഭ്യമായ ഓഹരികളുടെ 34 ശതമാനത്തിന് അപേക്ഷകർ.
8. എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്– 12,500 കോടി രൂപയുടെ ഐപിഒയിൽ ആദ്യ ദിനം അപേക്ഷ ലഭിച്ചത് ഓഹരികളുടെ 37 ശതമാനത്തിന്.
9. എൽജി ഇലക്ട്രോണിക്സ് ഇന്ത്യ– 11,607 കോടി രൂപയുടെ ഐപിഒയിൽ ആദ്യദിനം 100% അപേക്ഷകർ.
10. റിലയൻസ് പവർ ലിമിറ്റഡ് – 11,563 കോടി രൂപയുടെ ഐപിഒയിൽ ഒരു മിനിറ്റിനുള്ളിൽ 100% സബ്സ്ക്രിപ്ഷൻ. ആദ്യദിനം10.55 മടങ്ങ്. ആകെ 70.02 മടങ്ങ് അപേക്ഷകൾ.

എൽജിയുടെ റെക്കോർഡ്
ഐപിഒ തുകയിൽ രണ്ടാംസ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ (2024 ഒക്ടോബർ) 27,859 കോടി രൂപയുടെ ഐപിഒയ്ക്ക് മൂന്ന് ദിവസങ്ങളിലായി 66,000 കോടി രൂപയുടെ ബിഡുകളാണു ലഭിച്ചത്. മൊത്തത്തിലുള്ള ഐപിഒകളിൽ ഏറ്റവും ഉയർന്ന ഡിമാൻഡ് എൽജി ഇലക്ട്രോണിക്സിലാണ്.

11,607 കോടി രൂപയുടെ പൊതു ഇഷ്യൂവിന് 54 മടങ്ങ് അപേക്ഷകൾ ലഭിച്ചതോടെ 6.2 ലക്ഷം കോടി രൂപയുടെ ആകെ ഡിമാൻഡാണ് രേഖപ്പെടുത്തിയത്. അതേസമയം, റിലയൻസ് പവർ ഐപിഒയ്ക്ക് 7.5 ലക്ഷം കോടി രൂപയുടെ ഡിമാൻഡാണുണ്ടായത്.

മുഴുവൻ തുകയും ഒന്നിച്ച് നൽകുന്നതിന് പകരം ഒരു ഭാഗം മാത്രം മുൻകൂറായി നൽകാൻ നിക്ഷേപകർക്ക് അനുമതി ലഭിച്ചതോടെയായിരുന്നു ഇത്.

X
Top