
ന്യൂഡൽഹി: ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ. ഇനി ഇന്ത്യയിൽനിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉൽപന്നങ്ങളും (8284 ഇനങ്ങൾ) തീരുവരഹിതമാകും. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ഇതുവരെ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തിയിരുന്നത്. തുണിത്തരങ്ങൾ, സെറാമിക്സ്, ഓട്ടമൊബീൽ അടക്കം 450 ഇനങ്ങൾക്ക് 10% വരെ തീരുവ ഈടാക്കുന്നുണ്ട്.
പകരം, ന്യൂസീലൻഡിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 70.03% ഇനങ്ങൾക്കും (മൊത്തം ഇറക്കുമതിമൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ആപ്പിൾ, കിവിപ്പഴം, തേൻ തുടങ്ങിയവയ്ക്ക് ക്വോട്ട നിശ്ചയിച്ച് ഇറക്കുമതി അനുവദിക്കും.
ആപ്പിളിന് ആദ്യവർഷം ക്വോട്ട നിയന്ത്രണമില്ലെങ്കിലും രണ്ടാംവർഷം 35,000 ടൺ ആയി പരിമിതപ്പെടുത്തും. 3, 4, 5 വർഷങ്ങളിൽ യഥാക്രമം 37,500 ടൺ, 40,000 ടൺ, 42,500 ടൺ എന്നിങ്ങനെ ഉയരും. ആറാം വർഷം മുതൽ ഇത് 45,000 ടൺ ആയിരിക്കും.
ന്യൂസീലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടംഘട്ടമായി 9.06 ശതമാനമാകും.
കരാർ വഴി പ്രതിവർഷം 1667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താൽക്കാലിക തൊഴിൽ വീസ ലഭിക്കും. 1446 വീസകൾ ന്യൂസീലൻഡിൽ ജീവനക്കാരെ കൂടുതൽ ആവശ്യമുള്ള 13 സ്കിൽഡ് മേഖലകളിലായിരിക്കും (ഉദാ: മെഡിക്കൽ, എൻജിനീയറിങ്, നിർമാണമേഖല തുടങ്ങിയവ). ബാക്കി 500 എണ്ണം യോഗ അധ്യാപകർ, സംഗീതജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷനർമാർ തുടങ്ങിയവർക്കായിരിക്കും. ഏതുസമയത്തും ഇത്തരം വീസകളുടെ പരമാവധി എണ്ണം 5000 ആയിരിക്കും.






