
ഒഴുകുന്ന നദിയാണ് റിവർ. ആ നദിയുടെ ഒഴുക്ക് ആരംഭിച്ച് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ. ഇന്നിതാ ആ നദിക്കു മികച്ച തുടക്കം കിട്ടിയിരിക്കുന്നൂ. പല ബ്രാൻഡുകളും സർവീസിൽ കുരുങ്ങി നിൽക്കുമ്പോൾ വിൽപനയ്ക്കൊപ്പം വിൽപനാനന്തര സേവനത്തിലും നിർമാതാക്കൾ ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ പതിപ്പാണ് റിവർ ഇൻഡി ജെൻ–3. എന്തൊക്കെയാണ് മാറ്റങ്ങൾ എന്നു വിശദമായിട്ടറിയാം.
ഡിസൈൻ
മാറ്റങ്ങൾ ആരെങ്കിലും കൊണ്ടുവന്നാലല്ലേ അതു നടപ്പാകൂ. അങ്ങനെ സ്കൂട്ടറിന്റെ സ്ഥിരം ലുക്ക് പൊളിച്ചെഴുതിയ മോഡലാണ് റിവർ ഇൻഡി. സ്കൂട്ടറുകളിലെ എസ്‌യുവി. പഴയ മോഡലിൽനിന്നു ലുക്കിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ ഒളിച്ചിരിക്കുന്ന മാറ്റങ്ങൾ കുറച്ചുണ്ടുതാനും. മുന്നിലെ വട്ടക്കണ്ണുകൾക്കു മാറ്റമില്ല. എന്നാൽ എൽസിഡി സ്ക്രീൻ വലുപ്പം കൂട്ടി.
ബൈക്കുകളിലേതുപോലെ സ്ക്രീനിന് അരികിലാണ് ഇഗ്‌നീഷൻ. അതിനരികിലായി സ്മാർട്ഫോൺ ഘടിപ്പിക്കാൻ ഫോൺ മൗണ്ട് നൽകിയിരിക്കുന്നു. ഇത് ആക്സസറിയാണ്. അതിനു വലതു വശത്തു താഴെയായി ഫോൺ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ട് നൽകിയിട്ടുണ്ട്.
നേരത്തേയിതു മുന്നിലെ ഗ്ലവ് ബോക്സിനുള്ളിൽ ആയിരുന്നു. ഫോൺ മൗണ്ടിൽ വച്ചു ചാർജ് ചെയ്യാം. പുറത്തേക്കു മാറ്റിയപ്പോൾ ഫോൺ ചാർജ് ചെയ്തുകൊണ്ട് നാവിഗേഷൻ ഉപയോഗിക്കാം. ബ്ലൂടൂത്ത് കണക്ടിവിറ്റി കൊടുത്തിരിക്കുന്നതുകൊണ്ട് കോൾ, എസ്എംഎസ് അലർട്ട് എന്നിവ അറിയാം. ഇരുവശങ്ങളിലും നിയന്ത്രണ സംവിധാനങ്ങൾ നൽകിയിട്ടുണ്ട്.
സ്കൂട്ടറിന്റെ ഓരോ ഇഞ്ചും ഉപയോഗപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ഡിസൈൻ. 12 ലീറ്റർ സ്റ്റോറേജ് ബോക്സാണ് മുന്നിൽ. ബോക്സിനുള്ളിൽ ഇടതുഭാഗത്ത് ചെറിയൊരു ലിവർ വലിച്ചാൽ ഇടതുഭാഗത്തെ ചാർജിങ് സോക്കറ്റ് ഓപ്പൺ ആകും. ഫ്ലോർ ബോർഡിലാണ് ബാറ്ററി. നല്ല വീതിയുള്ള ഫ്ലോർ ബോർഡ്. സാധനങ്ങൾ, അരുമ മൃഗങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനായി ഫ്ലോർബോർഡിൽ പിടിപ്പിക്കാവുന്ന ഫ്ലോർ കേജ് ആക്സസറിയായി വാങ്ങിക്കാം.
ബോക്സിനുള്ളിൽ ഫോൺ ചാർജ് ചെയ്യാൻ യുഎസ്ബി പോർട് നൽകിയിട്ടുണ്ട്. ഹാൻഡിൽബാറിലും യുഎസ്ബി നൽകിയിട്ടുണ്ട്. വലുപ്പമുള്ള സാധനങ്ങൾ ഫ്ലോർ ബോർഡിൽ വച്ചുകൊണ്ടുപോകുമ്പോൾ സൗകര്യപ്രദമായി കാൽ നിവർത്തി വയ്ക്കാൻ ഫ്രണ്ട് ഫുട് പെഗ് നൽകിയിട്ടുണ്ട്. സീറ്റിനു മുൻഭാഗത്തു താഴെയാണ് ഷോപ്പിങ് ബാഗുകൾ തൂക്കിയിടാനുള്ള ഹുക്ക്.
വലിയ വീതിയേറിയ സീറ്റുകൾ. ബാക്ക് റെസ്റ്റ് ആക്സസറിയായി ലഭിക്കും. 43 ലീറ്ററിന്റെ അണ്ടർ സീറ്റ് സ്റ്റോറേജ്. എന്തും വയ്ക്കാം. മൊത്തം 55 ലീറ്റർ. സീറ്റിന്റെ ഉയരം കൂടുതലാണ്. 787 എംഎം. പൊക്കം കുറഞ്ഞവർക്ക് സ്കൂട്ടർ കൈകാര്യം ചെയ്യുന്നത് ഈസി അല്ല.
14 ഇഞ്ചിന്റെ വലിയ വീലുകൾ. ട്വിൻ ഫോർക്ക് സസ്പെൻഷൻ. ബൈക്കുകളിലുള്ള ചെയിൻ സ്പ്രോക്കറ്റ് ഇൻഡി സ്കൂട്ടറിന്റെ പ്രത്യേകതയാണ്. നിരപ്പല്ലാത്ത ടാറില്ലാ റോഡിലൂടെ സുന്ദരമായി ഓടിക്കാം. കുഴികളിൽ വീണാലും കുഴപ്പമില്ല. ട്രാൻസ്മിഷൻ ചെയിൻ ഡ്രൈവായതിനാൽ പൊട്ടിപ്പോകുമെന്ന പേടിയില്ല. ഇടയ്ക്കിടെ ലൂബ് ചെയ്തു കൊടുക്കണം.
ബോഡിയിൽ സീറ്റിനിരുവശത്തും പാനിയർ സ്റ്റേ (സൈഡ് ബോക്സ്) നൽകിയിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ എക്സ്ട്രാ ബോക്സ് പിടിപ്പിക്കാൻ പാനിയർ സ്റ്റേ ഉള്ളതിനാൽ എളുപ്പമാണ്. ഓൺലൈൻ ഡെലിവറി പോലുള്ള ബിസിനസ് ആവശ്യങ്ങൾക്കായി ബോക്സുകളും മറ്റും പിടിപ്പിക്കാനും ഫ്ലോർ കേജും പാനിയർ സ്റ്റേയും ശരിക്കും പ്രയോജനപ്പെടും.
മോട്ടർ
മിഡ് ഡ്രൈവ് പിഎംഎസ്എം മോട്ടർ. ചെയിൻ ഡ്രൈവ് വിത്ത് സിംഗിൾ സ്പീഡ് ഗിയർ ബോക്സ്. ഉയർന്ന ടോർക്ക് 4.5 kW. ടോർക്ക് 26 എൻഎം. 0–40 കിമീ സ്പീഡ് കൈവരിക്കാൻ 3.7 സെക്കൻഡ് ആവശ്യമാണ്. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകൾ. ട്രാഫിക്കിൽ ഇക്കോ മോഡ് മതി. സാധാരണ ഓട്ടങ്ങൾക്ക് ഏറ്റവും അനുയോജ്യം റൈഡ് മോഡാണ്. അൽപം ‘റഷ്’ ആയി ഓടേണ്ടവർക്കുള്ളതാണ് റഷ് മോഡ്. ടോപ് സ്പീഡ് 90 kmph.
ബാറ്ററി & റേഞ്ച്
4kWh ബാറ്ററിയാണ് റിവർ ഇൻഡി സ്കൂട്ടറിൽ. 163 കിമീ ആണ് ഐഡിസി റേഞ്ച്. ഫുൾ ചാർജിൽ ഇക്കോ മോഡിൽ 110 കിമീ റേഞ്ച് ലഭിക്കും. റൈഡ് – 90 കിമീ, റഷ്– 70 കിമീ. 750 W ന്റെ ചാർജർ ഉപയോഗിച്ച് 5 മണിക്കൂർകൊണ്ട് ബാറ്ററി 80% ചാർജ് ചെയ്യാം. 480W ചാർജർ ആണെങ്കിൽ 8 മണിക്കൂർ വേണം. ഫാസ്റ്റ് ചാർജിങ് ഇല്ല.
ഡ്രൈവ്
വലിയ സ്കൂട്ടറാണ് ഇൻഡി. പഴയ മോഡലിനെക്കാൾ ഭാരം കുറച്ചു. എസ്‌യുവി കാറുകൾപോലെ ഏതു റോഡിലും സുഖമായി റൈഡ് ചെയ്യാം. കുലുക്കം അറിയില്ല. നല്ല ഉയരമുള്ളവർക്ക് അനുയോജ്യമായ രീതിയിലാണ് ഡിസൈൻ. ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടി. 177 എംഎം (പഴയത് 165 എംഎം) . ബ്രേക്കിങ് മികച്ചത്. മുന്നിലും പിന്നിലും 200 എംഎം ഡിസ്ക് ബ്രേക്കുകൾ.
വില
രണ്ടു വേരിയന്റുകൾ. 480W ചാർജർ വേരിയന്റിന് ₨1,45,799 ലക്ഷം. 750W ന് ₨1,48,799 ലക്ഷം. ₨999 നൽകിയാൽ 50 കിമീ ചുറ്റളവിൽ റോഡ്സൈഡ് അസിസ്റ്റ് ലഭിക്കും. 3 പിക്ക്–അപ്, ആക്സിഡന്റ് ആയാലുള്ള ടോയിങ്, ആംബുലൻസ് സപ്പോർട്ട്, ബ്രേക്ക്ഡൗൺ ആയാൽ ഒരു രാത്രി താമസസൗകര്യം, ടാക്സി, ചെറിയ റിപ്പയർമെന്റ് എന്നിവയെല്ലാം ഉൾപ്പെടുന്ന പാക്കേജ് ആണിത്.
വാറന്റി
3 വർഷമാണ് മാനുഫാക്ചർ വാറന്റി. ഇതിനോടൊപ്പം രണ്ടു വർഷം, 5 വർഷം എന്നിങ്ങനെ എക്സ്റ്റന്റഡ് വാറന്റി ഓപ്ഷനുണ്ട്. രണ്ടു വർഷത്തേക്കാണെങ്കിൽ ₨4,999 ഉം, 5 വർഷം തിരഞ്ഞെടുക്കുകയാണെങ്കിൽ ₨8,399 നൽകണം.
ഫൈനൽ ലാപ്
കേരളത്തിലെത്തി ഒരു വർഷമാകുമ്പോൾ കൊച്ചിയിൽ മാത്രം 2000 യൂണിറ്റുകൾ വിറ്റുകഴിഞ്ഞു. സംസ്ഥാനത്താകെ മുവായിരത്തിലധികം റിവർ സ്കൂട്ടറുകൾ വിറ്റിട്ടുണ്ട്. നഗരത്തിലെവിടെ നോക്കിയാലും റിവർ സ്കൂട്ടറുകൾ കാണാം. ഡിസൈന്റെ പ്രത്യേകതകൊണ്ട് ഏതു തിരക്കിനിടയിലും ശ്രദ്ധിക്കപ്പെടും. ഷോറൂമിനൊപ്പംതന്നെ സർവീസ് സെന്ററും തയാറാക്കാൻ റിവർ ശ്രദ്ധിക്കുന്നുണ്ട്.
കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, കൊല്ലം, പാലക്കാട് ജില്ലകളിൽ ഷോറൂം ഉണ്ട്. ആലുവ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തിരൂർ ഷോറൂമുകൾ ഉടൻ ആരംഭിക്കും. ഫാസ്റ്റ് ചാർജിങ് സൗകര്യം നൽകാത്തതു പോരായ്മയാണ്. ഭാവിയിൽ പ്രതീക്ഷിക്കാം. ആറു വൈബ്രന്റ് കളേഴ്സിൽ റിവർ മോഡലുകൾ ലഭ്യമാണ്.






