
കൊച്ചി: എൻ.എസ്.ഇ, റിലയൻസ് ജിയോ എന്നിവയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി രാജ്യത്തെ ഐ.പി.ഒ വിപണിയില്‍ ആവേശമേറുന്നു.
കഴിഞ്ഞ ഒരു വർഷമായി മന്ദഗതിയിലായിരുന്ന ഐ.പി.ഒ വിപണിയിലേക്ക് നിക്ഷേപകർ വീണ്ടും ആവേശത്തോടെ പണമൊഴുക്കുകയാണ്. ജൂലായ്-ആഗസ്റ്റ് മാസങ്ങളില്‍ വിപണിയിലെത്തിയ 22 ഐ.പി.ഒകളില്‍ 18 എണ്ണവും നിക്ഷേപകർക്ക് ലിസ്‌റ്റിംഗ് ദിനത്തില്‍ മികച്ച നേട്ടം നല്‍കി. ശരാശരി ലിസ്റ്റിംഗ് നേട്ടം 25 ശതമാനത്തില്‍ അധികമാണ്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഏഴ് ശതമാനത്തേക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ഇത്.
ബെഹാരി ലാല്‍ എൻജിനിയറിംഗാണ് മുന്നില്‍. ലിസ്റ്റിംഗ് ദിനത്തില്‍ ഓഹരി വില 76 ശതമാനമാണ് ഉയർന്നത്. ഇൻഡോ എം.ഐ.എം 53 ശതമാനവും ഷിപ്രോക്കറ്റ് ഏകദേശം 48 ശതമാനവും നേട്ടമുണ്ടാക്കി. ജൂലായില്‍ ലിസ്റ്റ് ചെയ്ത 12 കമ്പനികളുടെ ശരാശരി നേട്ടവും ഏകദേശം 20 ശതമാനമാണ്. നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിച്ചതോടെ പുതിയ ഐ.പി.ഒകള്‍ക്കുള്ള ഗ്രേ മാർക്കറ്റ് പ്രീമിയവും ഉയർന്നു.
മികച്ച വളർച്ചാ സാധ്യത, മേഖലാ അനുകൂല സാഹചര്യം, ആകർഷകമായ മൂല്യനിർണയം എന്നിവയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് പ്രധാന കാരണം.
രാജ്യത്തെ മുൻനിര സ്‌റ്റോക്ക് എക്‌സ്ചേഞ്ചായനാഷണല്‍ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്, റിലയൻസ് ജിയോ എന്നിവ അടുത്ത മാസം പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ് വാർത്തകള്‍.
ആഗസ്റ്റില്‍ മാത്രം 20 മെയിൻബോർഡ് കമ്പനികള്‍ 21,000 കോടി രൂപയിലധികമാണ് പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് സമാഹരിച്ചത്.
ഒരു വർഷത്തിനിടയില്‍ ഐ.പി.ഒ വിപണി സജീവമായതും നടപ്പുമാസമാണ്. ശക്തമായ ആഭ്യന്തര നിക്ഷേപവും മികച്ച ലിസ്റ്റിംഗ് നേട്ടങ്ങളും കൂടുതല്‍ കമ്പനികളെ ഐ.പി.ഒയിലേക്ക് ആകർഷിക്കുകയാണ്.
ഈ ആഴ്ച പത്ത് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 3,500 കോടി രൂപയിലധികം സമാഹരിക്കാനാണ് ഒരുങ്ങുന്നത്.






