
റിലയൻസ് ഗ്രൂപ്പിൻ്റെ എഫ്എംസിജി ഉൽപ്പന്നങ്ങളെ പുതിയ കമ്പനിയുടെ കുടക്കീഴിലേക്ക് കൊണ്ടുവരാൻ നീക്കം. റിലയൻസ് റീട്ടെയിലിന്റെ ഐപിഒ നടത്തുന്നതിന് മുമ്പ് ഇത് ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ്, റിലയൻസ് റീട്ടെയിൽ, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് എന്നീ കമ്പനികളുടെ കീഴിലാണ് എഫ്എംസിജി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ഇത് ന്യൂ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് എന്ന പുതിയ കമ്പനി രൂപീകരിച്ച് അതിന് കീഴിലേക്ക് കൊണ്ടുവരാനാണ് നീക്കം.
കാമ്പ, ഇൻഡിപെൻഡൻസ് തുടങ്ങിയവ ഉൾപ്പെടെയുള്ള എഫ്എംസിജി ബ്രാൻഡുകൾ പുതിയ കമ്പനിയുടെ കിഴിലക്ക് വരും.
ജിയോ പ്ലാറ്റ്ഫോം പോലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നേരിട്ടുള്ള സബ്സിഡറി ആയിരിക്കും ന്യൂ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ്. റീട്ടെയിൽ, ടെലികോം കമ്പനികളുടെ ഐപിഒകൾ നടത്തുമെന്ന് നേരത്തെ തന്നെ റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ഇത് അടുത്ത വർഷങ്ങളിൽ ഉണ്ടാവാനാണ് സാധ്യത.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിൻ്റെ വിപണിമൂല്യം 10,000 കോടി ഡോളറായാണ് കണക്കാക്കുന്നത്. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും ഇത്.
എഫ്എംസിജി ബിസിനസിന്റെ മൂല്യം 11,500 കോടി രൂപയാണ് കണക്കാക്കുന്നത്. സോഫ്റ്റ് ഡ്രിങ്കായ കാമ്പ, പാക്കേജ്ഡ് ഗ്രോസറിയായ ഇൻഡിപെൻഡൻസ് തുടങ്ങി 15 ലേറെ എഫ്എംസിജി ബ്രാൻഡുകൾ ആണ് നിലവിൽ റിലയൻസിനുള്ളത്.
ഹിന്ദുസ്ഥാൻ യൂണിലിവർ, കൊക്ക കോള തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങളേക്കാൾ 20-40 ശതമാനം കുറഞ്ഞ വിലയിലാണ് റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിൻ്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്.